മുംബൈ : ഇന്ത്യൻ ശതകോടീശ്വരനായ വ്യവസായി സജ്ജൻ ജിൻഡാലിനെതിരെ ബലാൽസംഗ ആരോപണം. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംഡിയായ സജ്ജൻ ജിൻഡാൽ മുംബൈയിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായി പരാതി നൽകിയിരിക്കുന്നത് ഒരു നടിയാണ്. പോലീസിൽ പരാതി നൽകിയിട്ടും ഏറെ നാളായി യാതൊരു നടപടിയും ഇല്ലാത്തതിനെ തുടർന്ന് നടി കോടതിയെ സമീപിക്കുകയായിരുന്നു.
നടി കോടതിയെ സമീപിച്ചതോടെ ബികെസി പോലീസ് സ്റ്റേഷനിൽ ബലാത്സംഗ പരാതി രജിസ്റ്റർ ചെയ്തു. 2022 ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ബാന്ദ്ര-കുർള കോംപ്ലക്‌സിലെ കമ്പനിയുടെ ഹെഡ് ഓഫീസിന് മുകളിലുള്ള പെന്റ ഹൗസിൽ വെച്ചാണ് കുറ്റകൃത്യം നടന്നതെന്ന് നടി പരാതിയിൽ സൂചിപ്പിക്കുന്നു.
2021 ഒക്ടോബറിൽ ദുബായിൽ ഐപിഎൽ മത്സരങ്ങൾക്കിടയിലാണ് വിഐപി ബോക്സിൽ ജിൻഡാലിനെ ആദ്യമായി കാണുന്നതെന്ന് നടി അറിയിച്ചു. അതിനു ശേഷം ജയ്പൂരിൽ എംപി പ്രഫുൽ പട്ടേലിന്റെ മകന്റെ വിവാഹച്ചടങ്ങിനിടെ വീണ്ടും കാണുകയും പരിചയം പുതുക്കുകയും ചെയ്തു. ദുബായിൽ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ നടിയുടെ സഹോദരനിൽ നിന്ന് പ്രോപ്പർട്ടി വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതിനാലാണ് മുംബൈയിലെ അദ്ദേഹത്തിന്റെ പെന്റ ഹൗസിൽ സന്ദർശിച്ചതെന്ന് നടി പരാതിയിൽ വ്യക്തമാക്കുന്നു. ഈ സമയത്താണ് ജിൻഡാൽ പീഡിപ്പിച്ചതെന്നും നടി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.








