തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നിരന്തരം നടത്തുന്നുവെന്നും ആരോപിച്ചാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള തുറന്ന പോര് കൂടുതൽ രൂക്ഷമായതിന് പിന്നാലെയാണ് ഇപ്പോൾ ഗവർണർക്കെതിരെ സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം.
എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനിടെ ഗവർണർ കാറിന് പുറത്തിറങ്ങിയത് സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. പ്രതിഷേധക്കാരുടെ വെല്ലുവിളി ഏറ്റെടുത്ത് മിഠായി തെരുവിലും സർവ്വകലാശാലയിലും ഗവർണർ എത്തിയത് പാർട്ടിക്കും എസ്എഫ്‌ഐക്കും നാണക്കേടാകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകള്‍ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ അയച്ചിരിക്കുന്ന കത്തും. ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സർക്കാർ ഹർജിയും നൽകിയിരുന്നു. കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സുരക്ഷയെ അവഗണിച്ച് കോഴിക്കോട് തെരുവുകളില്‍ ഗവര്‍ണര്‍ നടന്ന് ജനങ്ങളോട് കുശലം ചോദിച്ച സംഭവം ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Discussion about this post