ന്യൂഡൽഹി: പ്രാഗിലെ ചാൾസ് സർവകലാശാലയിൽ വ്യാഴാഴ്ച്ചയുണ്ടായ വെടിവെപ്പിൽ 14 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.
‘പ്രാഗിലെ ചാൾസ് യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പിന്റെ വാർത്ത അതീവ ദുഖകരമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ചാൾസ് സർവകലാശാലയിൽ വ്യാഴാഴച്ചയുണ്ടായ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. പത്ത് പേർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമിയുടെ മൃതദേഹവും പ്രദേശത്ത് നിന്നും കണ്ടെത്തിയിരുന്നു.
സർവകലാശാലയിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയാണ് വെടിവച്ചതെന്നാണ് വിവരം. സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ത്തശേഷം ഇയാള്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, അക്രമം നടത്താനിടയായ കാരണം വ്യക്തമല്ല. അക്രമിയുടെ അച്ഛനെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അച്ഛനെ കൊന്ന ശേഷമാണ് സർവകലാശാലയിൽ ഇയാള്‍ എത്തിയതെന്നാണ് കരുതുന്നത്.








