പൂനെ: ഇന്ത്യയെ ശക്തിപ്പെടുത്താന്‍ സാമൂഹിക ഐക്യം അനിവാര്യമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ശിവശക്തി സംഗമത്തോടനുബന്ധിച്ചുള്ള ആര്‍എസ്എസ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹത്തിന്റെ പരമ്പരാഗത മാതൃഭൂമിയാണ് ഇന്ത്യയെന്നും ഭാഷ, ദേശ, വംശ വ്യതിയാനങ്ങളുണ്ടെങ്കിലും ഹിന്ദു സംസ്‌കാരമെന്ന ഒരൊറ്റ സംസ്‌കാരമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോകം ഇതു തിരിച്ചറിഞ്ഞിട്ടുണ്ട്. വിവേചനത്തിനും അസമത്വത്തിനും രാജ്യത്തു സ്ഥാനമുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. വിഭജിക്കപ്പെട്ട ഏതുസമൂഹവും പരാജയപ്പെടുകയേ ഉള്ളൂ. ഒരു ശത്രുവും ഈ രാജ്യത്ത് അവരുടെ ശക്തികൊണ്ടു വിജയിച്ചിട്ടില്ലെന്നതു ചരിത്രമാണ്. നമ്മുടെ അനൈക്യമാണ് അവരെ വിജയിപ്പിച്ചത്. അതുകൊണ്ടു ഭിന്നതകള്‍ മറന്നില്ലെങ്കില്‍ ഭരണഘടനയൊന്നും നമ്മളെ സംരക്ഷിക്കില്ല.
ഒരു രാജ്യം അതിന്റെ ജനതയെ എങ്ങനെയാണോ സംരക്ഷിക്കുന്നത്, അതനുസരിച്ചായിരിക്കും ലക്ഷ്യം നേടാനുള്ള അതിന്റെ അതിന്റെ ശേഷി. ഇസ്രയേല്‍ എന്ന കൊച്ചുരാഷ്ട്രം അതിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഈ ആശയം മുന്‍നിര്‍ത്തി രാജ്യത്തെ ശക്തിപ്പെടുത്താനാണു പ്രവര്‍ത്തിച്ചത്. അദ്ദേഹം രാജ്യത്തിന്റെ നാനാത്വം അംഗീകരിച്ചു. ഹിന്ദുത്വം എന്ന ഒറ്റച്ചരടില്‍ അതിനെയെല്ലാം കൂട്ടിയിണക്കാന്‍ ശ്രമിച്ചെന്നും ഭാഗവത് പറഞ്ഞു.
ഡോ. അംബേദ്കര്‍ ഭരണഘടനയില്‍ രാഷ്ട്രീയ സമത്വം ഉറപ്പാക്കിയിട്ടുണ്ട്. പക്ഷേ, സാമൂഹികമായ അസമത്വം ഇല്ലാതാക്കാന്‍ നിയമങ്ങളോ ഭരണഘടനയോ കൊണ്ടുമാത്രം സാധിക്കില്ല. അതു മനസ്സില്‍നിന്നു തനിയെ മാഞ്ഞുപോകേണ്ടതാണ്. സാമ്പത്തിക സമത്വവും സാമൂഹിക ഐക്യവും ഉണ്ടെങ്കിലേ ഈ ലക്ഷ്യം നേടാനാവൂ. ഇതിന് ഉന്നത സ്വഭാവഗുണങ്ങളും ജനതയോടു കരുതലും ഉള്ള സമൂഹം രൂപപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ ശബ്ദം ലോകം കേള്‍ക്കണമെങ്കില്‍ രാഷ്ട്രം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിനു ‘ശിവം’ മാത്രമല്ല ‘ശക്തി’യും വേണം. എത്രവലിയ സത്യവും ശക്തിയില്ലെങ്കില്‍ ശ്രദ്ധിക്കപ്പെട്ടെന്നു വരില്ല. ഇന്ത്യന്‍ സംസ്‌കാരം മുന്‍പും ലോകമെങ്ങും ചര്‍ച്ചയായിട്ടുണ്ട്. പക്ഷേ, വിലമതിക്കപ്പെട്ടില്ല. ടഗോര്‍ ജപ്പാനില്‍ പ്രസംഗിച്ചപ്പോള്‍ അതു ശ്രദ്ധിക്കപ്പെട്ടെങ്കിലും ഒരു അടിമരാഷ്ട്രത്തില്‍ നിന്നുള്ളയാള്‍ പറയുന്നതായതിനാല്‍ വിലമതിക്കപ്പെട്ടില്ല. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇന്ത്യയുടെ സത്യം കുറേക്കൂടി പരിഗണിക്കപ്പെട്ടു. യുദ്ധങ്ങള്‍ ജയിച്ചപ്പോള്‍, ആണവ ശക്തിയായപ്പോള്‍ ആ സത്യത്തിനു കൂടുതല്‍ കരുത്തുകിട്ടി. ഇപ്പോള്‍ യോഗാ പദ്ധതികള്‍ യുഎന്‍ ചര്‍ച്ചചെയ്തപ്പോള്‍ ഇന്ത്യ പിന്നെയും ശ്രദ്ധിക്കപ്പെടുന്നെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
Discussion about this post