ന്യൂഡൽഹി: ജനങ്ങൾക്ക് പുതുവത്സരസമ്മാനമായി കേന്ദ്രസർക്കാർ ഇന്ധനവില കുറയ്ക്കുമെന്ന് വിവരം. ഇത് സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വിവരം.
പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതൽ 10 രൂപ വരെ കുറയ്ക്കാനാണ് ആലോചന. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാർശ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയതായിയാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ഇന്ധനവില കുറയ്ക്കാൻ ആലോചിക്കുന്നത്. വെള്ളിയാഴ്ച അമേരിക്കയിലെ നൈമക്‌സ് വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിന് താഴെയെത്തി. പശ്ചിമേഷ്യയിൽ ബാരലിന് 72 ഡോളറിനാണ് വ്യാപാരം നടത്തുന്നത്.
തിരുവനന്തപുരത്ത് 109. 42 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. കൊച്ചിയിൽ 107. 83 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസലിന് തിരുവനന്തപുരത്ത് 98.24 രൂപയും കൊച്ചിയിൽ 9674 രൂപയുമാണ്.








