അയോദ്ധ്യ: അയോദ്ധ്യ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അടുത്ത മാസം സ്ഥാപിക്കാനുള്ള രാംലല്ല വിഗ്രഹം തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് ഇന്ന് നടക്കും. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസറ്റിന്റെ യോഗത്തിലാണ് വോട്ടെടുപ്പ് നടക്കുക.
മൂന്ന് ശിൽപ്പികൾ നിർമിച്ച മൂന്ന് ഡിസൈനുകളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ഒരു വിഗ്രഹമാകും ജനുവരി 22ന് ശ്രീകോവിലിൽ സ്ഥാപിക്കുക. ഏറ്റവും കൂടുതൽ ദൈവികതയുള്ളതും ശിശുസമാനമായതുമായ രൂപമായിരിക്കും തിരഞ്ഞെടുക്കുകയെന്നും ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
അതിനിടെ, രാമജന്മഭൂമി പാതയിലും സമുച്ചയത്തിലും നടന്നുകൊണ്ടിരിക്കുന്ന നിർമാണപ്രവർത്തനങ്ങൾ ശ്രീരാമമന്ദിരം നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം വിലയിരുത്തി.
തിരക്കുപിടിച്ചല്ല നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. പകരം, ആവശ്യത്തിന് സമയമെടുത്ത് ഗുണമേന്മയോടെയാണ് ഒരോ പ്രവൃത്തിയും ചെയ്യുന്നത്. നിർമാണപ്രവർത്തനങ്ങൾ മൂന്ന് ഘട്ടങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ഇതിലെ ആദ്യ ഘട്ടം ഡിസംബറിൽ തന്നെ പൂർത്തിയാകും. രണ്ടാം ഘട്ടം ജനുവരിയിൽ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അവസാനിക്കും. മൂന്നാം ഘട്ടം, കോംപ്ലക്സുകളുടെ നിർമാണപ്രവർത്തനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.








