ന്യൂഡൽഹി : രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. രാമക്ഷേത്രത്തെക്കുറിച്ചോ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമോ എന്നുള്ള കാര്യത്തെക്കുറിച്ചോ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ദീപാ ദാസ് മുൻഷി നിർദേശം നൽകി.
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ആയിരുന്നു ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിലപാട് വ്യക്തമാക്കിയത്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട
വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നും അതുവരെ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാതിരിക്കുകയാണ് നല്ലതെന്നും അവർ അറിയിച്ചു. ഡിസംബർ 30ന് രാവിലെ 10 മണി മുതലായിരുന്നു കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടന്നത്.
രാമക്ഷേത്ര വിഷയത്തിൽ ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ വൈകുന്ന ഓരോ നിമിഷവും കേരളത്തിലെ കോൺഗ്രസിന് പ്രതിസന്ധിയുണ്ടാകുമെന്ന് ചില കോൺഗ്രസ് നേതാക്കൾ ജനറൽ സെക്രട്ടറിയെ അറിയിച്ചു. സിപിഐഎം ഈ അവസരത്തെ രാഷ്ട്രീയമായി മുതലെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. രാമക്ഷേത്ര വിഷയത്തിൽ നേതാക്കൾ പരസ്യ പ്രതികരണത്തിന് മുതിരരുതെന്ന് എഐസിസി നേരത്തെയും നിർദ്ദേശം നൽകിയിരുന്നു.








