തൃശൂർ : തൃശ്ശൂർ തേക്കിൻകോട് മൈതാനിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച സ്ഥലത്ത് ചാണകവെള്ളം ഒഴിച്ച് ശുദ്ധീകരിക്കാൻ എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിക്കാർ മർദ്ദിക്കുന്നത് പോലീസ് നോക്കി നിന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി പ്രസംഗിച്ച വേദിക്ക് സമീപത്തേക്ക് ആരെയും കടത്തിവിടാതെ ബാരിക്കേഡ് വെച്ച് തടഞ്ഞിരിക്കുകയാണ് പോലീസ്.
പ്രധാനമന്ത്രി പ്രസംഗിച്ച വേദിക്ക് സമീപം ചാണകവെള്ളം തളിക്കാനായി യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരായിരുന്നു വലിയ സംഘമായി എത്തിയിരുന്നത്. പരിപാടി കഴിഞ്ഞ വേദി അഴിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്ന ഏതാനും ബിജെപി പ്രവർത്തകർ മാത്രമായിരുന്നു സംഭവ സ്ഥലത്ത് അപ്പോഴുണ്ടായിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വേദിക്ക് സമീപത്തേക്ക് കടത്തിവിടാതെ ബിജെപി പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് വലിയ സംഘർഷം ഉണ്ടായതോടെ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിടിച്ചുമാറ്റി. ബിജെപി പ്രവർത്തകർ തങ്ങളെ മർദ്ദിച്ചു എന്നും പോലീസ് അത് നോക്കി നിന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
Discussion about this post