മുംബൈ: അധോലോക ഗുണ്ടാ തലവൻ ദാവൂദ് ഇബ്രാഹീമിന്റെ മഹാരാഷ്ട്രയിലെ സ്വത്തുക്കൾ ഇന്ന് ലേലത്തിൽ വിൽക്കും. ദാവൂദ് ഇബ്രഹീമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ 19 ലക്ഷം രൂപയുടെ കരുതൽ വിലയ്ക്കാണ് ലേലത്തിൽ വച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയുലെ മുംബാക്കിലാണ് നാല് കൃഷിയിടങ്ങളും ഉള്ളത്. ദാവൂദ് ബാല്യത്തിൽ താമസിച്ചിരുന്ന മുംബാക്കിലെ വീടാണ് ലേലത്തിൽ വക്കുന്ന മറ്റൊരു പൂർവിക സ്വത്ത്. മുംബൈയിൽ വച്ചാണ് ലേലം നടക്കുന്നത്.
അഭിഭാഷകനും ശിവ സേന നേതാവുമായ അജയ് ശ്രീ വാസ്തവ ലേലത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ദാവൂദിന്റെ വീട് ലേലത്തിൽ വിളിക്കാനായി ആണ് അദ്ദേഹം ലേലത്തിൽ പങ്കെടുക്കുന്നതെന്നാണ് വിവരം. ഇതിന് മുൻപും ഒരു ഭീകരവാദിയുടെ ബാല്യകാല വസതിയുൾപ്പെടെ മൂന്ന് വസ്തുക്കൾ അദ്ദേഹം ലേലത്തിൽ വിളിച്ചെടുത്തിരുന്നു. ഇതിന് പന്നലെ നരവധി തീവ്രവാദ ഭീഷണിയും അദ്ദേഹത്തിന് നേരെ ഉയർന്നിരുന്നു. എന്നാൽ, ദാവൂദിന്റെ സ്വത്തുക്കളുടെ ലേലത്തിൽ പങ്കെടുക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
2000ത്തിലാണ് ആദ്യമായി സർക്കാർ പിടിച്ചെടുത്ത ദാവൂദ് ഇബ്രഹാമിന്റെ സ്വത്തുക്കൾ ലേലത്തിൽ വച്ചത്. എന്നാൽ തീവ്രവാദ ഭീഷണി ഭയന്ന് ആരും തന്നെ അന്നത്തെ ലേലത്തിൽ പങ്കെടുത്തിരുന്നില്ല. 2017ൽ സൗത്ത് ഡൽഹിയിലെ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള മൂന്ന് ആഡംബര സ്വത്തുവകകൾ ലേലത്തിൽ വച്ചു. പിന്നീട്, 2020ലും ദാവൂദിന്റെ ബാല്യകാലത്തിൽ താമസിച്ചിരുന്ന വീട് ഉൾപ്പെടെയുള്ള ആറ് വസ്തുക്കൾ ലേലത്തിൽ വച്ചിരുന്നു.








