കൊൽക്കൊത്ത: സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ തൃണമൂൽ നേതാവിന്റെ വസതി സന്ദർശിച്ചതിനെ തുടർന്ന് നേതാവിന്റെ അനുയായികൾ ഇ ഡി യെ ആക്രമിച്ചതിനെ കടുത്ത ഭാഷയിൽ അപലപിച്ച് ബംഗാൾ ഗവർണർ ഡോക്ടർ സി വി ആനന്ദ ബോസ്.
ക്രമസമാധാന നില നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച ഗവർണർ തന്റെ ഭരണഘടനാപരമായ സാധ്യതകൾ പരിശോധിച്ച് ഈ “ഭീകര സംഭവ” ത്തിൽ ഉൾപ്പെട്ട ആൾക്കാർക്ക് കടുത്ത ശിക്ഷ തന്നെ നല്കുന്നതിനാവശ്യമായ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
“സന്ദേശ്ഖാലിയിലെ ദാരുണമായ സംഭവം ഭയാനകവും ഖേദകരവുമാണ്. ജനാധിപത്യത്തിൽ പ്രാകൃതത്വവും നശീകരണ പ്രവർത്തനങ്ങളും തടയുക എന്നത് ഒരു പരിഷ്കൃത ഗവൺമെന്റിന്റെ കടമയാണ്. ഒരു ഗവർണർ എന്ന നിലയിൽ, ഉചിതമായ രീതിയിൽ ഉചിതമായ നടപടിക്ക് വേണ്ടിയുള്ള ഭരണഘടനാപരമായ എല്ലാ സാധ്യതകളും ഞാൻ നോക്കും ” . രാജ്ഭവനിൽ നിന്നും പുറത്ത് വിട്ട ശബ്ദ സന്ദേശത്തിൽ ബോസ് പറഞ്ഞു
ദരിദ്രരായ ജനങ്ങൾക്കുള്ള റേഷൻ അരി വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ വസതിയിൽ റെയ്ഡ് നടത്താൻ ശ്രമിച്ചപ്പോഴാണ് ടിഎംസി നേതാവ് ഷെയ്ഖ് സാജഹാന്റെ അനുയായികൾ വെള്ളിയാഴ്ച ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തത്
ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം രൂക്ഷമാവുകയാണ്. ബംഗാളിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും തൃണമൂൽ കോൺഗ്രസിന്റെ സഖ്യ കക്ഷി കൂടെ ആയ കോൺഗ്രസ് തന്നെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇ ഡി ഉദ്യോഗസ്ഥർ ഗ്രാമീണരെ പ്രകോപിപ്പിച്ചത് കൊണ്ടാണ് അവർ ഇ ഡി യെ ആക്രമിച്ചത് എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ഭാഷ്യം.
ഇതിനെ ബംഗാൾ ഒരു ബനാന റിപ്പബ്ലിക്ക് അല്ലെന്നും ഒരു ജനാധിപത്യ സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നതെന്നും എന്ന് നിങ്ങൾ മനസിലാക്കണം എന്ന് തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമാക്കി ഗവർണർക്ക് പ്രസ്താവന തന്നെ പുറത്തിറക്കേണ്ടി വന്നു
അതിനിടെ ബംഗാളിലെ തൃണമൂൽ ഭരണം തുടരുന്നത് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് എന്ന് ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു









