ഹൈദരാബാദ് : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ശ്രീരാമ ഭക്തർക്കായി ഒരു ലക്ഷം പ്രത്യേക തിരുപ്പതി ശ്രീവരി ലഡു വിതരണം ചെയ്യുമെന്ന് തിരുപ്പതി ദേവസ്വം അറിയിച്ചു. രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തുന്ന പ്രത്യേക അതിഥികൾക്കായാണ് ഒരു ലക്ഷം ലഡ്ഡു തിരുപ്പതി ദേവസ്വം തയ്യാറാക്കുന്നത്. തിരുപ്പതിയിൽ വെങ്കിടേശ്വര ഭഗവാന് അർപ്പിക്കുന്ന പ്രസിദ്ധമായ പ്രസാദമാണ് ശ്രീവരി ലഡ്ഡു.
തിരുമലയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തിരുമല തിരുപ്പതി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ എ വി ധർമ്മ റെഡ്ഡിയാണ് ഒരു ലക്ഷം ലഡു വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. “അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എത്തിച്ചേരുന്ന ഭക്തർക്കും വിവിഐപികൾക്കും ഒരു സദ്ഭാവനയായി ഒരു ലക്ഷം ലഡ്ഡു വിതരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. 25 ഗ്രാം വീതമുള്ള ഒരു ലക്ഷം ലഡു ആണ് ഇതിനായി തയ്യാറാക്കുന്നത്” എന്നും അദ്ദേഹം വ്യക്തമാക്കി.
“സനാതന ധർമ്മത്തിന്റെ എല്ലാ അനുയായികൾക്കും ഒരു ചരിത്ര മുഹൂർത്തമാണ് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. ഹിന്ദു മതത്തിന്റെയും സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും പ്രചരണമാണ് തിരുപ്പതി ദേവസ്വത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നതിനാൽ രാമജന്മഭൂമി പ്രാണ പ്രതിഷ്ഠ പൂജയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നു” എന്നും എ വി ധർമ്മ റെഡ്ഡി അറിയിച്ചു.
Discussion about this post