ഇടുക്കി : ഇടുക്കി കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. അമരാവതി സ്വദേശി ജോബിൻ ചാക്കോയ്ക്കാണ് (36) വെട്ടേറ്റത്. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം ഉയരുന്നത്.
ഇടുക്കിയിലെ സിപിഎം നേതാവിനെതിരെയായി സമൂഹമാദ്ധ്യമ പോസ്റ്റിൽ കമന്റ് ഇട്ടതിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചത് എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ജോബിൻ ചാക്കോയുടെ കാലിനാണ് വെട്ടേറ്റിരിക്കുന്നത്.
രാത്രി 8 മണിയോടെ ജീപ്പിൽ എത്തിയ ഒരു സംഘം ആയിരുന്നു ജോബിനെ വെട്ടിപരിക്കേൽപ്പിച്ചത്. സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസും സിപിഎമ്മും തമ്മിൽ കുമളിയിൽ സംഘർഷം ഉണ്ടായിരുന്നു. സിപിഎം നേതാവിനെതിരായ ജോബിന്റെ ഫേസ്ബുക്ക് കമന്റിന്റെ പേരിൽ സിപിഎം കുമളി ലോക്കൽ കമ്മിറ്റി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.








