അബുദാബി : അടുത്തമാസം അബുദാബിയിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി യുഎഇയിലെ പ്രവാസികളിൽ നിന്നും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നരേന്ദ്രമോദി പങ്കെടുക്കുന്ന അബുദാബിയിലെ സമ്മേളനത്തിനായി ഇപ്പോൾതന്നെ 20,000 ത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഫെബ്രുവരി 13 നാണ് ‘അഹ്ലന് മോദി’ എന്ന പേരിട്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടി സംഘടിപ്പിക്കുന്നത്.
അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്ലന് മോദി’ സമ്മേളനം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി https://ahlanmodi.ae/ വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ഇതുവരെ ഇരുപതിനായിരത്തിൽ അധികം പ്രവാസികളാണ് ഈ പരിപാടിക്ക് രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്.
മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണ് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്നത്. അബുദാബിയിൽ പണിപൂർത്തിയാക്കിയിരിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ BAPS സ്വാമിനാരായണൻ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി ഫെബ്രുവരിയിൽ യുഎഇയിൽ എത്തുന്നത്. BAPS ക്ഷേത്രം ഉദ്ഘാടനത്തിന്റെ ഒരു ദിവസം മുൻപാണ് സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ സമ്മേളനം നടക്കുക.
Discussion about this post