രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചെറുതും വലുതുമായ ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിനായി ‘സത്യാഗ്രഹ’ എന്ന ഡിജിറ്റൽ പോർട്ടൽ പുറത്തിറക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷിക ദിനത്തിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്. സത്യവും അഹിംസയിലൂന്നിയ പോരാട്ടവുമെന്ന ഗാന്ധിയൻ ദർശനം മുൻനിർത്തിയാണ് ‘സത്യാഗ്രഹ’ പോർട്ടൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
വിദ്യാർഥികൾ, കർഷകർ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് തങ്ങൾ നേരിടുന്ന അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ വിവരങ്ങൾ വെറും രണ്ട് മിനിറ്റിനുള്ളിൽ ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാപ്പിലൂടെ രാജ്യത്ത് നടക്കുന്ന സമാനമായ മറ്റ് പ്രക്ഷോഭങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താനും അവർക്ക് പരസ്പരം ബന്ധപ്പെടാനും സാധിക്കും .
പാർലമെന്റിലും തെരുവുകളിലും കത്തുകൾ മുഖേനയും ഇത്തരം ജനകീയ പ്രക്ഷോഭങ്ങൾക്ക് പ്രതിപക്ഷ നേതാവെന്ന നിലയിൽ പൂർണ പിന്തുണ നൽകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി.










