ലക്‌നൗ : രാഷ്ട്രപതി ദ്രൗപതി മുർമു ദളിത് സ്ത്രീ ആയതുകൊണ്ട് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്ന രീതിയിൽ കേരളത്തിൽ വ്യാപകമായ പ്രചാരണങ്ങളാണ് നടക്കുന്നത്. അതേസമയം അങ്ങ് ഉത്തർപ്രദേശിൽ നിന്നും പുറത്തു വരുന്ന ഒരു വാർത്ത എല്ലാ ശ്രീരാമ ഭക്തർക്കും അഭിമാനം പകരുന്നതാണ്. ഉത്തർപ്രദേശിലെ വനിതാ പോസ്റ്റ്മോർട്ടം അസിസ്റ്റന്റ് ആയ സന്തോഷി ദുർഗ എന്ന യുവതിയെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രത്യേക ക്ഷണം നൽകി ആദരിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. ഗോത്രവർഗ ജില്ലയായ കാങ്കറിലെ കിഷൻപുരി നിവാസിയായ സന്തോഷി ദുർഗ നർഹർപൂർ ഹെൽത്ത് സെന്ററിൽ പോസ്റ്റ്‌മോർട്ടം അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്.
ഇതുവരെ 700 ഓളം മൃതദേഹങ്ങളാണ് സന്തോഷി ദുർഗ പോസ്റ്റ്മോർട്ടം ചെയ്യാനായി സഹായിച്ചിട്ടുള്ളത്. താൻ ചെയ്യുന്ന ജോലിയുടെ പേരിൽ ഇത്രയും വലിയ ഒരു ആദരവ് സർക്കാരിൽ നിന്നും ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സന്തോഷി പ്രത്യേക ക്ഷണപത്രിക ലഭിച്ച ശേഷം അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നാണ് സന്തോഷി പറയുന്നത്.
മോർച്ചറിയിൽ ചെറിയ ജോലി ചെയ്യുന്ന ഒരാളുടെ പ്രവൃത്തിക്ക് ഇത്രയും വലിയ ബഹുമാനം സർക്കാർ നൽകിയതിൽ ഏറെ അഭിമാനവും ആഹ്ലാദവും ഉണ്ടെന്ന് സന്തോഷിയുടെ കുടുംബം വ്യക്തമാക്കി. ഭർത്താവ് രവീന്ദ്ര ദുർഗ അടക്കം 6 അംഗങ്ങളാണ് സന്തോഷിയുടെ കുടുംബത്തിൽ ഉള്ളത്. നർഹർപൂരിലെ ആരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്ന ആളായിരുന്നു സന്തോഷിയുടെ പിതാവ്. എന്നാൽ പിതാവ് മദ്യത്തിന് അടിമയായി മാറിയതോടെ ആ ജോലി സന്തോഷി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 20 വർഷത്തിനിടെ 700 ലധികം പോസ്റ്റ്‌മോർട്ടങ്ങളിൽ സന്തോഷി ദുർഗ പങ്കാളിയായി. ഒടുവിൽ സർക്കാരിൽ നിന്നും ഇതുപോലൊരു വലിയ ആദരവ് ഏറ്റുവാങ്ങുമ്പോൾ സന്തോഷി ദുർഗയുടെ ഗ്രാമം മുഴുവൻ സന്തോഷത്തിലും ആവേശത്തിലുമാണ്.
Discussion about this post