ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നഷ്ടമായി. പാർട്ടി ചിഹ്നം ഉപയോഗിക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി. ഇനി ഓരോ പിടിഐ സ്ഥാനാർത്ഥികളും വ്യക്തിഗത ചിഹ്നങ്ങളിൽ മത്സരിക്കേണ്ടതുണ്ട്, അത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുമെന്നാണ് വിവരം.
ദശലക്ഷക്കണക്കിന് വോട്ടർമാരെ ബാധിക്കുന്ന ഏറ്റവും മോശമായ തീരുമാനമാണിതെന്ന് പാർട്ടി ആരോപിച്ചു. പാർട്ടിയുടെ പരമ്പരാഗത ചിഹ്നമാണ് ക്രിക്കറ്റ് ബാറ്റ്. കോടതിയിൽ നിന്ന് പ്രതികൂല തിരുമാനം ഉണ്ടായതോടെ പാർട്ടിയിലെ സ്ഥാനാർത്ഥികൾക്ക് മറ്റ് ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുന്ന അവസ്ഥയായി. ഇത് അണികൾക്കിടയിൽ ആശങ്കയുണ്ടാക്കും. പൊതുചിഹ്നമില്ലാതാകുന്നതോടെ ദേശീയ, പ്രവിശ്യ അസംബ്ലികളിലെ സംവരണ സീറ്റ് വിഹിതത്തിലും പാർട്ടിയ്ക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
2022 ഏപ്രിലിൽ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാനെ ഓഗസ്റ്റിൽ മൂന്നുവർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഉപഹാരങ്ങൾ നിയമവിരുദ്ധമായി വിറ്റഴിച്ചുവെന്ന കുറ്റത്തിനായിരുന്നു ശിക്ഷ. ഇതോടെ തിരഞ്ഞെടുപ്പിൽ മത്സക്കുന്നതിൽ നിന്ന് അയോഗ്യത കൽപ്പിക്കുകയും ചെയ്തു.
Discussion about this post