ന്യൂഡൽഹി: തലസ്ഥാനത്ത് നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രി ഡോ. എൽ മുരുകന്റെ വസതിയിലാണ് അദ്ദേഹം പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തത്. തമിഴ്നാടിൽ നിന്നുള്ള കേന്ദ്രസഹ മന്ത്രിയാണ് ഡോ. എൽ മുരുകൻ. കറുത്ത കോട്ടും മുണ്ടും ധരിച്ച് പൊങ്കൽ ചടങ്ങുകളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

സ്വന്തം ബന്ധുക്കൾക്കൊപ്പം പൊങ്കൽ ആഘോഷിക്കുന്നതു പോലെയാണ് തോന്നുന്നതെന്ന് ജനങ്ങളെ അഭിസബോന്ധന ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ‘ ഈ മഹത്തായ ദിവസത്തിൽ എല്ലാവർക്കും പൊങ്കൽ ആശംസകൾ നേരുന്നു. എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും സംതൃപ്തിയും നിറയട്ടെ എന്ന് ആശംസിക്കുകയും പ്രർത്ഥിക്കുകയും ചെയ്യുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നത്, എന്റെ സ്വന്തം ബന്ധുക്കളോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതു പോലെയാണ്’- അദ്ദേഹം പറഞ്ഞു. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വികാരമാണ് പൊങ്കൽ വരച്ചുകാട്ടുന്നത്. ഈ ഒത്തൊരുമയെന്ന വികാരം 2047ലെ വികസിത ഭാരതത്തിന് ശക്തിയേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹം ഗോപൂജയും നടത്തി. ഇതിന് പിന്നാലെ നടന്ന സാംസ്കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. സാംസ്കാരിക പരിപാടിയിൽ പാടിയ കുഞ്ഞു ഗായിക പ്രധാനമന്ത്രിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹം പെൺകുട്ടിക്ക് താൻ ധരിച്ചിരുന്ന ഷാൾ സമ്മാനമായി നൽകുകയും ചെയ്തു. പുതുച്ചേരി ഗവർണർ, തലങ്കാന ഗവർണർ, കേന്ദ്രമന്ത്രി നിർമല സീതാരമൻ, സിനിമാ താരം മീന എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷവും കേന്ദ്രമന്ത്രി എൽ മുരുകന്റെ വസതിയിലെ തമിഴ്പുത്താണ്ട് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.








