ചണ്ഡീഗഡ്: റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വധിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ. ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ തലവൻ ഗുർപത്വന്ദ് സിംഗ് പന്നുൻ ആണ് ഭീഷണി മുഴക്കി രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമേ സംസ്ഥാന പോലീസ് മേധാവി ഗൗരവ് യാദവിനെ വധിക്കുമെന്നും ഭീഷണിയുണ്ട്.
ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് റിപ്പബ്ലിക് ദിനത്തിൽ പകരം ചോദിക്കുമെന്നാണ് ഭീഷണി. ഇതിനായി പഞ്ചാബ് മുഖ്യമന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയെയും വധിക്കും. ഇരുവരെയും വകവരുത്താൻ പഞ്ചാബിലെ എല്ലാ ഗുണ്ടകളും ഒന്നിയ്ക്കണമെന്നും പന്നുൻ ആഹ്വാനം ചെയ്യുന്നുണ്ട്.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഭഗവന്ത് മന്നിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇത്തരത്തിൽ ഭീഷണി മുഴക്കുന്നവരോടും ഗുണ്ടകളോടും പോലീസ് ക്ഷമിക്കില്ലെന്ന് ഗൗരവ് യാദവ് പ്രതികരിച്ചു.
ഇതിനിടെ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ സംഘടനയുടെ പേരിൽ ഡൽഹിയിൽ ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാവിലെയോടെയായിരുന്നു ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. ഭീകരാക്രമണം നടത്തുമെന്നതിന് പുറമേ പ്രധാനമന്ത്രിയെ വധിയ്ക്കുമെന്ന സ്ഥിരം ഭീഷണിയും ഉണ്ട്.
Discussion about this post