ലഖ്‌നൗ: ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം വേണ എന്ന് വച്ചത് തിരിച്ചടിയായി കോൺഗ്രസ്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഹിന്ദി ഹൃദയ ഭൂമിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിലാണ് രാമ മന്ദിരവുമായി ബന്ധപ്പെട്ട് രൂക്ഷമായ അഭിപ്രായഭിന്നത പുകയുന്നത്. ഹിന്ദി ഹൃദയഭൂവിൽ ശ്രീരാമനെ അവഗണിക്കുക എന്നത് ആത്മഹത്യാ പരമാണെന്നാണ് മുതിർന്ന നേതാക്കളുടെ ചിന്ത. അത് കൊണ്ട് തന്നെ ജനങ്ങളുടെ വികാരത്തിന് എതിരായി നിൽക്കുന്ന കോൺഗ്രസിൽ നിന്നും രാജി വെക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാൻ ആലോചിക്കുകയാണ് ഒരു വലിയ വിഭാഗം നേതാക്കൾ.
ഈ കഴിഞ്ഞ മകര സംക്രാന്തി ദിനത്തിൽ വലിയ വിഭാഗം കോൺഗ്രസ് നേതാക്കളും രാമക്ഷേത്രം സന്ദർശിച്ചിരുന്നു. ജനുവരി 22 നു നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കേണ്ട എന്ന് കോൺഗ്രസ് തീരുമാനിച്ചതിനു ശേഷവും മുൻ നിശ്ചയിച്ച പ്രകാരം ക്ഷേത്ര ദർശനത്തിനു പോകാൻ തീരുമാനിക്കുകയായിരുന്നു മുതിർന്ന നേതാക്കൾ. സംസ്ഥാന പാർട്ടി അധ്യക്ഷൻ അജയ് റായ്, പാർട്ടിയുടെ യുപി ഇൻചാർജ് അവിനാഷ് പാണ്ഡെ, രാജ്യസഭാ എംപി പ്രമോദ് തിവാരി, കോൺഗ്രസ് നിയമസഭാ നേതാവ് അനുരാധ മിശ്ര, മുതിർന്ന രാഷ്ട്രീയ നേതാവ് പി.എൽ പുനിയ എന്നിവരായിരുന്നു ഇതിൽ ഉൾപെട്ടിരുന്നത്
അതെ സമയം തീർച്ചയായും ജനുവരി 22 ലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് പോകുമെന്ന് യു പി യിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ നിർമൽ ഖത്രിയും വെളിപ്പെടുത്തിയിരുന്നു. രാമഭക്തനായിരിക്കുക എന്നത് ഒരു പാപമല്ലെന്നും രാമഭക്തനായിരിക്കുന്നതിൽ അഭിമാനിക്കുന്നു എന്നുമാണ് ഖത്രി വ്യക്തമാക്കിയത്.
ഇതോടു കൂടി രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ മുതിർന്ന നേതാക്കൾ പാർട്ടി വിടുന്നതിലൂടെയുള്ള കൂട്ടക്കൊഴിച്ചിൽ ഭീതിയിൽ ആയിരിക്കുകയാണ് കോൺഗ്രസ്. . മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു എന്നാണ് ഏറ്റവും പുതിയതായി ലഭ്യമാകുന്ന വിവരം . ഇന്നലെ അയോധ്യയിൽ ആരംഭിച്ച ബിജെപി നേതൃയോഗത്തിന് പിന്നാലെയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. അജയ് റായ് നിർമ്മൽ ഖത്രി അടക്കമുള്ള നേതാക്കന്മാരുമായി ദേശീയ നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ട്.
Discussion about this post