കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാൻ തിരുനക്കര ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.
ശിവരാജ് സിംഗ് ചൗഹാനെ ക്ഷേത്രം അധികൃതർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത അദ്ദേഹം മഹാദേവന് വഴിപാടുകളും കഴിപ്പിച്ചു. ക്ഷേത്ര അധികൃതരോട് സംസാരിച്ച ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ മടക്കം. വരും ദിവസങ്ങളിൽ അദ്ദേഹം കൂടുതൽ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. ക്ഷേത്ര ദർശനത്തിന് ശേഷം ശിവരാജ് സിംഗ് ചൗഹാൻ ചിങ്ങവനം, മറിയപ്പള്ളി എന്നവിടങ്ങളിലെ നടന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഉദ്ഘാടനം ചെയ്തു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ പ്രാധനമന്ത്രിയുടെ ആഹ്വാന പ്രകാരം ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. തിരുനക്കര ക്ഷേത്രത്തിൽ നടന്ന ശുചീകരണ യജ്ഞത്തിൽ കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാൻ പങ്കെടുത്തിരുന്നു. ശുചിത്വമുള്ളയിടത്തേ പരിശുദ്ധി ഉണ്ടാകൂ എന്നും, ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.












