കാലിഫോർണിയ: ഹിന്ദിയെ ലോകഭാഷയായി അവതരിപ്പിക്കാൻ ഒരുങ്ങി കാലിഫോർണിയയിലെ രണ്ട് സർക്കാർ സ്‌കൂളുകൾ. ലോകഭാഷകളുടെ ഗണത്തിൽ ഹിന്ദിയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നീക്കം. ഹോണർ മിഡിൽ സ്‌കൂളിലും ഇർവിങ്ടൺ ഹൈ സ്‌കൂളിലുമാണ് ഹിന്ദി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക.
കാലിഫോർണിയയിലെ ഇന്ത്യൻ സമൂഹം തീരുമാനത്തെ സ്വാഗതം ചെയ്തു. കുട്ടികൾക്ക് മറ്റ് ഭാഷകൾക്കൊപ്പം ഹിന്ദിയും പഠിക്കാനുളള അവസരമാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നതെന്ന് ഇന്ത്യൻ സമൂഹം പ്രതികരിച്ചു. രണ്ട് സ്‌കൂളുകളിലെയും 65 ശതമാനം കുട്ടികളും ഇന്ത്യൻ- അമേരിക്കൻ വംശജരാണ്. ഓഗസ്റ്റിൽ ആരംഭിക്കുന്ന അദ്ധ്യയന വർഷത്തിൽ ഇരു സ്‌കൂളുകളിലും ഹിന്ദി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് ഒന്നിനെതിരെ നാല് വോട്ടുകൾക്ക് ഈ തീരുമാനം ഫ്രിമൗണ്ട് യൂണിഫൈഡ് സ്‌കൂൾ ഡിസ്ട്രിക്ട് ബോർഡ് അംഗീകരിച്ചത്. കുട്ടികളുടെ ഭാവിയും ക്ഷേമവുമാണ് പ്രധാനമെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും വോട്ടിങ്ങിനെ അനുകൂലിച്ചവർ പറഞ്ഞു.
അഞ്ച് മിഡിൽ സ്‌കൂളുകളും അഞ്ച് ഹൈസ്‌കൂളുകളും ഉൾപ്പെടെ 29 സ്‌കൂളുകളാണ് ഫ്രിമൗണ്ടിൽ ഉളളത്. കുട്ടികൾക്ക് ഗുണകരമാകുമെങ്കിൽ മറ്റ് സ്‌കൂളുകളിലും ഹിന്ദി പാഠ്യവിഷയമാക്കാനാണ് ആലോചന.









Discussion about this post