ന്യൂഡൽഹി : 2024ലെ റിപ്പബ്ലിക് ദിനം പുതിയൊരു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. യഥാർത്ഥ സ്ത്രീ ശാക്തീകരണം എന്താണെന്ന് വെളിപ്പെടുത്തുന്നത് ആയിരിക്കും ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡുകൾ. ഇന്ത്യയുടെ 3 സേനകളിലെയും വനിതാ സംഘങ്ങൾ പരേഡിൽ പങ്കെടുക്കുന്നതാണ്. വികസിത ഭാരതം – ജനാധിപത്യത്തിന്റെ മാതാവ് എന്നതാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിത്യം കൂടാതെ 100 വനിതാ സാംസ്കാരിക കലാകാരികളും റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നുണ്ട്.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ആണ് 2024ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന് വിശിഷ്ടാതിഥിയായി എത്തുന്നത്. ഈ വെള്ളിയാഴ്ചയാണ് രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാവിലെ 10:30 മുതൽ 12 മണി വരെയാണ് റിപ്പബ്ലിക് ദിനപരേഡുകൾ നടക്കുക. വിജയ് ചൗക്കിനും നാഷണൽ സ്റ്റേഡിയത്തിനും ഇടയിലുള്ള 5 കിലോമീറ്റർ ദൂരമാണ് റിപ്പബ്ലിക് ദിന പരേഡിന്റെ റൂട്ട്. ഡൽഹിയിലെ കർത്തവ്യ പാതയിലാണ് പ്രധാന പരിപാടികൾ നടക്കുക.
ഫ്രഞ്ച് പ്രസിഡണ്ട് വിശിഷ്ടാതിഥി ആകുന്നത് കൂടാതെ ഫ്രാൻസിന്റെ 95 അംഗ മാർച്ചിംഗ് ടീമും 33 അംഗങ്ങളുടെ ബാൻഡ് സംഘവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കും. ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും ഒരു മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനവും ഫ്രഞ്ച് വ്യോമസേനയുടെ 2 റഫാൽ യുദ്ധവിമാനങ്ങളും പരേഡിന്റെ ഭാഗമായുള്ള ഫ്ലൈ പാസ്റ്റിൽ പങ്കെടുക്കുന്നതാണ്.
Discussion about this post