പാവങ്ങളുടെ ചാമ്പ്യൻ അഥവാ യോദ്ധാവ്…. സമൂഹത്തിലെ അധകൃതവിഭാഗത്തിന്റെ ഉന്നമനത്തിനായി പടപൊരുതിയ കർപൂരി താക്കൂരിന് ഇതിലും മികച്ചൊരു വിശേഷണമില്ല. കർപൂരിയുടെ പോരാട്ടത്തിന്റെ ഭാഗമായി ബിഹാറിൽ സ്‌കൂളുകളും കോളേജുകളും ഉയർന്നു. സർക്കാർ വകുപ്പുകളിൽ ദളിതർക്കും പ്രവേശനം ലഭിച്ചു. നൂറാം ജന്മദിനത്തിൽ മരണാനന്തര ബഹുമതിയായി രാജ്യം ഭാരത് രത്‌ന നൽകി ആദരിക്കുമ്പോൾ കർപൂരിയുടെ ജീവിത ഗാഥ ഓരോ ഭാരതീയനും ഒരിക്കൽ കൂടി ഓർക്കുന്നു.
1924 ജനുവരി 24 നായിരുന്നു കർപൂരി താക്കൂറിന്റെ ജനനം. ബിഹാറിലെ സമസ്തിപൂരെ പിതൗഞ്ജിയ ആണ് ജന്മദേശം. മഹാത്മാഗാന്ധിയും, സത്യനാരായണ സിൻഹയും ആയിരുന്നു ബാല്യകാലം മുതലേ കർപൂരിയുടെ ആദർശ പുരുഷന്മാർ. ഇവരുടെ ആശയങ്ങളിൽ ആകൃഷ്ടനായി കോളേജ് വിദ്യാർത്ഥിയായിരിക്കേ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കാളിയായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് രണ്ട് വർഷം ജയിലിൽ കിടന്നു. അന്ന് മുതൽ മരണം വരെ കർപൂരിയുടെ ജീവിതം ഒരു സമരം ആയിരുന്നു.
വിദ്യാഭ്യാസത്തിന്റെ മൂല്യം അറിയാവുന്ന കർപൂരി സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം സ്വന്തം ഗ്രാമത്തിൽ തന്നെ അദ്ധ്യാപകൻ ആയി ജോലി ആരംഭിച്ചു. ഇതിനിടെയായിരുന്നു സജീവ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. കന്നിയങ്കം പിഴച്ചില്ല. 1952 ലെ തിരഞ്ഞെടുപ്പിൽ താജ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് അദ്ദേഹം എംഎൽഎ ആയി. സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. തൊഴിലാളി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് 1960കളിലും എഴുപതുകളിലും അദ്ദേഹം അറസ്റ്റിലായി.
ഹിന്ദി ഭാഷയുടെ വക്താവായിരുന്ന അദ്ദേഹം ഇംഗ്ലീഷിനെ നിർബന്ധിത വിഷയം ആക്കുന്നതിനെ ശക്തമായി എതിർത്തു. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ ഇംഗ്ലീഷ് നിർബന്ധിത വിഷയമാക്കിക്കൊണ്ടുള്ള തീരുമാനം അദ്ദേഹം എടുത്ത് നീക്കി. അഞ്ച് വർഷം കൊണ്ട് ബിഹാറിൽ സ്‌കൂളുകളും കോളേജുകളും കൂണുകൾ പോലെ മുളച്ചുപൊന്തി.
പിന്നാക്ക കുടുംബത്തിൽ ജനിച്ചു വളർന്ന അദ്ദേഹം ദളിതരുടെ ഉന്നമനത്തിനായി ശക്തമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. സർക്കാർ ജോലികളിൽ പിന്നാക്കക്കാർക്ക് 26 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതിനുള്ള മാതൃക അദ്ദേഹം അവതരിപ്പിച്ചു. ഇത് രാഷ്ട്രീയത്തിൽ അദ്ദേഹത്തിനുണ്ടാക്കിയത് വലിയ തലവേദനയായിരുന്നു. പാർട്ടിയ്ക്കുള്ളിലെ വാക്ക് തർക്കങ്ങൾ ചേരിപ്പോരിലേക്ക് വഴിമാറി. എതിർഭാഗം രാം സുന്ദർ ദാസിനെ കളത്തിലിറക്കിയതോടെ 1979 ൽ കർപൂരിയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു.
1979 ജൂലൈയിൽ ജനതാ പാർട്ടി പിളർന്നപ്പോൾ ചരൺ സിംഗ് വിഭാഗത്തിനൊപ്പം കർപൂരി താവളം ഉറപ്പിച്ചു. 1985 ലെ തിരഞ്ഞെടുപ്പിൽ സോൻബർസ മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹം പ്രതിപക്ഷ നേതാവായി. 1988 ഫെബ്രുവരിയിൽ അന്തരിച്ചു.
ജീവിച്ചിരുന്നപ്പോൾ അദ്ദേഹം നൽകിയ സംഭാവനകൾ മരണ ശേഷവും സംസ്ഥാനം ഓർത്തു. കർപൂരിയുടെ ജന്മസ്ഥലമായ പിതൗഞ്ജിയ മരണ ശേഷം കർപൂരി ഗ്രാമമെന്ന് അറിയപ്പെട്ടു. ബക്‌സറിൽ അദ്ദേഹത്തിന്റെ പേരിൽ ലോ കോളേജും ഉണ്ട്. കർപ്പൂരിയുടെ സ്മരണയ്ക്കായി തപാൽ വകുപ്പ് സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.
ദർഭംഗയ്ക്കും അമൃത്സറിനും ഇടയിൽ ഓടുന്ന ജൻ നായക് എക്‌സ്പ്രസ് ട്രെയിൻ അദ്ദേഹത്തോടുള്ള സ്മരണയാണ്. ഇതിനെല്ലാം പുറമേയാണ് നൂറാം ജന്മദിനത്തിൽ ഭാരത് രത്‌ന നൽകി അദ്ദേഹത്തെ കേന്ദ്രസർക്കാർ ആദരിച്ചിരിക്കുന്നത്.
Discussion about this post