ന്യൂഡൽഹി : പാർലമെന്റിലെ ബജറ്റ് അവതരണത്തിനു മുന്നോടിയായി പരമ്പരാഗത രീതിയിൽ ഹൽവ ചടങ്ങ് സംഘടിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബുധനാഴ്ച പാർലമെന്റിലെ നോർത്ത് ബ്ലോക്കിലാണ് ബജറ്റിന് മുന്നോടിയായി നടത്താറുള്ള ഹൽവ ചടങ്ങ് സംഘടിപ്പിച്ചത്. ധനമന്ത്രിയെ കൂടാതെ ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദും ബജറ്റ് നിർമാണത്തിൽ പങ്കാളികളായ നിരവധി ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായി ധനമന്ത്രി സംഘടിപ്പിക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് ഹൽവ ചടങ്ങ്. എല്ലാ കേന്ദ്ര ബജറ്റിന് മുന്നോടിയായും ഇത് നടത്തി വരാറുണ്ട്. ബജറ്റിന്റെ അന്തിമരൂപം തയ്യാറായി, അതിന്റെ പ്രിന്റിംഗ് ജോലികൾ ആരംഭിച്ചു എന്നുള്ളതാണ് ഹൽവ ചടങ്ങ് നൽകുന്ന സൂചന. ബജറ്റിന്റെ നിർമ്മാണത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത്. ബജറ്റ് തയ്യാറാക്കുന്ന വേളയിൽ കേന്ദ്ര ധന മന്ത്രാലയത്തിലെ ബജറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സ്വന്തം വീടുകളുമായി പോലും ബന്ധപ്പെടാൻ അനുവാദമില്ല. അത്തരമൊരു സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് നന്ദി പ്രകടിപ്പിക്കാനായി സർക്കാർ നൽകുന്ന മധുരവിതരണം ആണ് ഹൽവ ചടങ്ങ്.
കേന്ദ്ര ബജറ്റ് തയ്യാറാക്കുന്ന വേളയിൽ 10 ദിവസത്തോളം ബജറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർ ധനമന്ത്രാലയത്തിന്റെ നോർത്ത് ബ്ലോക്കിൽ ആയിരിക്കും കഴിയുക. 1950 വരെ ഇത് രാഷ്ട്രപതി ഭവനിൽ ആയിരുന്നു നടന്നിരുന്നത്. എന്നാൽ പിന്നീട് ധനമന്ത്രാലയത്തിന്റെ പ്രിന്റിങ് പ്രസ് സ്ഥിതി ചെയ്യുന്ന ബ്ലോക്കിലേക്ക് മാറ്റുകയായിരുന്നു. ബജറ്റിന്റെ രഹസ്യാത്മകത സൂക്ഷിക്കാനായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ പ്രത്യേക നിരീക്ഷണത്തിൽ ആയിരിക്കും ഇവർ.
10 ദിവസത്തോളം നീണ്ടുനിൽക്കുന്ന ബജറ്റ് നിർമ്മാണ നടപടികൾ അവസാനിപ്പിച്ച് മധുരം കഴിച്ച് കൊണ്ട് ബജറ്റിന്റെ അച്ചടി ഔപചാരികമായി പ്രഖ്യാപിക്കുന്നതാണ്. ബജറ്റ് അച്ചടിക്കുന്നതിനുള്ള പ്രത്യേക പ്രിന്റിംഗ് പ്രസ് സ്ഥിതി ചെയ്യുന്ന ധനമന്ത്രാലയത്തിന്റെ നോർത്ത് ബ്ലോക്കിലെ ബേസ്മെന്റിലാണ് ഹൽവ ചടങ്ങ് സംഘടിപ്പിക്കുക. ബുധനാഴ്ച നടന്ന രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റിന് മുന്നോടിയായി ഉള്ള ഹൽവ ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നേരിട്ട് എല്ലാ ഉദ്യോഗസ്ഥർക്കും ഹൽവ വിളമ്പി നൽകി.
Discussion about this post