തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് തുടക്കമാകുക. അടുത്ത മാസം അഞ്ചിനാണ് ബജറ്റ്.
രാവിലെ ഒൻപത് മണിയോടെയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. നിലവിൽ ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ പോര് തുടരുകയാണ്. ഈ സാഹചര്യത്തിൽ നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിൽ വലിയ ആകാംക്ഷയാണുള്ളത്. എന്നാൽ ഗവർണറെക്കുറിച്ച് കാര്യമായ പരാമർശങ്ങൾ നയപ്രഖ്യാപനത്തിൽ ഇല്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ പ്രസംഗത്തിൽ ഉണ്ടാകും. സംസ്ഥാന സർക്കാരുമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും ഇത് ഗവർണർ വായിക്കാനാണ് സാദ്ധ്യത. വായിച്ചില്ലെങ്കിലും പ്രസംഗം വായിച്ചതായി നിയമസഭാ രേഖകളിൽ ഇടം പിടിയ്ക്കും.
സഹകരണ മേഖല, ഉന്നത വിദ്യാഭ്യാസം, ഐടി തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ടാണ് നയപ്രഖ്യാപനം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ പരാമർശങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അഭിസംബോധന മലയാളത്തിൽ ആക്കിയെന്നത് ഒഴിച്ചാൽ നയപ്രഖ്യാപന പ്രസംഗത്തിൽ കാര്യമായ മാറ്റങ്ങൾ ഇല്ല.
29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ചയായിരിക്കും. മാർച്ച് 27 വരെയാണ് ബജറ്റ് സമ്മേളനം.
Discussion about this post