ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇൻഡി സഖ്യത്തിന് വൻ തകർച്ച നേരിടേണ്ടി വന്നതിൽ ഉള്ള ആശങ്കയിലാണ് കോൺഗ്രസ്. പഞ്ചാബും പശ്ചിമബംഗാളും ബീഹാറും ഇൻഡി സഖ്യത്തിൽ നിന്നും അകന്നതോടെ ഇനി ദക്ഷിണേന്ത്യയിലെങ്കിലും കൈവിട്ടു പോകാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് കോൺഗ്രസ്. ഈ ശ്രമങ്ങളുടെ ഭാഗമായി കോൺഗ്രസും ഡിഎംകെയും തമ്മിൽ ഇന്ന് സീറ്റ് വിഷയത്തിൽ ചർച്ച നടത്തും.
ഇൻഡി സഖ്യത്തിന് രൂപം നൽകുന്നതിൽ പ്രധാന പങ്കു വഹിച്ച നിതീഷ് കുമാർ തന്നെ പ്രതിപക്ഷ സഖ്യം വിട്ട് എൻഡിഎയ്ക്ക് ഒപ്പം ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺഗ്രസ്സും സഖ്യകക്ഷികളും തമ്മിൽ വലിയ തർക്കങ്ങളാണ് നടക്കുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസിന് മത്സരിക്കാൻ ആയി 11 സീറ്റ് നൽകാമെന്നാണ് അഖിലേഷ് യാദവ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസിനെ തൃപ്തി വരാത്തതിനാൽ പിന്നീട് തീരുമാനമെടുക്കും എന്നാണ് അറിയിക്കുന്നത്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഇൻഡി സഖ്യത്തിൽ നിന്നും അകലുകയും ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷ സഖ്യത്തിൽ വലിയ വിള്ളൽ വീണത്. ബീഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങളോടെ നിതീഷ് കുമാർ കൂടി വിട്ടുപോകുന്നതോടെ ഉത്തരേന്ത്യയിലുള്ള ഇൻഡി സഖ്യത്തിന്റെ തകർച്ച ഏറെക്കുറെ പൂർണ്ണമായെന്നു പറയാം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഞായറാഴ്ച ഡിഎംകെ ആസ്ഥാനത്ത് ആണ് ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചയുടെ ആദ്യഘട്ടം നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക് സംസ്ഥാന നേതാക്കളുമായും ഇന്ന് ചർച്ച നടത്തും.








