തിരുവനന്തപുരം : ലഹരി സംഘങ്ങൾക്ക് എതിരായി കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്നാൽ ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തത്. വിവിധ സമയങ്ങളിലായി 285 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി 1820 പേരെ പരിശോധിച്ചതിൽ നിന്നാണ് 285 പേർ പിടിയിലാകുന്നത്. അറസ്റ്റിലായവരിൽ നിന്നും എംഡിഎംഎയും ബ്രൗൺ ഷുഗറും ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഒരേ ദിവസം സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ ഡി ഹണ്ട്’ നടത്തിയത്.
രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുകളും ലഹരി വസ്തുക്കളും ആണ് അറസ്റ്റിൽ ആയവരിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 251 കേസുകളാണ് ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏതാണ്ട് ഒരു മാസത്തോളം നീണ്ട അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് പോലീസ് ഓപ്പറേഷൻ ഡി ഹണ്ട് നടത്തിയത്.
Discussion about this post