ചണ്ഡീഗഡ് : ഇൻഡി സഖ്യത്തിനെതിരായി ബിജെപിക്ക് ആദ്യ തിരഞ്ഞെടുപ്പ് വിജയം. ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒന്ന് ചേർന്ന് നയിച്ചിരുന്ന ഇൻഡി സഖ്യത്തിനെതിരായി വൻ വിജയമാണ് ബിജെപി കാഴ്ചവെച്ചത്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ പരാജയപ്പെടുത്തി ഭാരതീയ ജനതാ പാർട്ടിയുടെ മനോജ് സോങ്കർ മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചു.
വളരെ നാടകീയമായ മുഹൂർത്തങ്ങളിലൂടെ ആയിരുന്നു ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് നടന്നത്. വിജയം ഉറപ്പിച്ചിരുന്ന ഇൻഡി സഖ്യത്തിന്റെ സ്ഥാനാർത്ഥി പരാജയം തിരിച്ചറിഞ്ഞതോടെ പൊട്ടിക്കരയുന്ന കാഴ്ച പോലും മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാണാൻ കഴിഞ്ഞു. വർഷങ്ങളായി ആം ആദ്മി പാർട്ടി കയ്യടക്കിവെച്ചിരുന്ന ചണ്ഡിഗഡ് സ്ഥാനമാണ് ഇപ്പോൾ ബിജെപി സ്വന്തമാക്കിയിരിക്കുന്നത്.
ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ കുറ്റപ്പെടുത്തി. വഞ്ചനയിലൂടെയാണ് ബിജെപി തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നാണ് അരവിന്ദ് കെജ്‌രിവാൾ അഭിപ്രായപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പുകളിലും ബിജെപി ഇത്തരത്തിൽ വഞ്ചന നടത്തിയാണ് വിജയിക്കുന്നത് എന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.








