ചെന്നൈ: തമിഴ്‌നാട്ടിലെ പഴനിക്ഷേത്രം പിക്‌നിക്കിനും വിനോദസഞ്ചാരയാത്രയ്ക്കും ഉള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിൽ എത്തുന്നവർ ആചാര അനുഷ്ഠാനങ്ങൾ പാലിച്ച് വേണം പ്രവേശിക്കാനെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊടിമരത്തിന് അപ്പുറത്തേക്ക് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലെന്നും ഇക്കാര്യം വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും മദ്രാസ് ഹൈക്കോടതി തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പിനോട് നിർദ്ദേശിച്ചു.
അരുൾമിഗു പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും അതിലെ ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കളെ മാത്രം പ്രവേശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പഴനി ക്ഷേത്രത്തിലെ ഭക്തരുടെ സംഘടനാ നേതാവായ സെന്തിൽകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതി ഈ വിധി പ്രസ്താവിച്ചത്. പഴനി ക്ഷേത്രത്തിന്റെയും അതിന്റെ ഉപക്ഷേത്രങ്ങളുടെയും കൊടിമരത്തിന് അപ്പുറം അഹിന്ദുക്കൾക്ക് അനുവദനീയമല്ലെന്ന് ജഡ്ജി പറഞ്ഞു.
ക്ഷേത്രങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15ൻറെ പരിധിയിൽ വരുന്നില്ലെന്ന് ഉത്തരവ് ഊന്നിപ്പറഞ്ഞു. അതിനാൽ അഹിന്ദുക്കൾക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമാണെന്ന് പറയാനാവില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രം പരിപാലിക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം നൽകി.
കൊടിമരത്തിനപ്പുറം അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്. മുരുകനിൽ വിശ്വസിച്ച് ദർശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതര മതസ്ഥർക്ക് ദർശനം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി ക്ഷേത്രത്തിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം.
Discussion about this post