ഡല്‍ഹി: വിമാനത്താവളങ്ങള്‍ക്ക് ഇനി നേതാക്കളുടെ പേരില്‍ അറിയപ്പെടില്ല, പകരം നഗരങ്ങളുടെ പേരിലായിരിയ്ക്കും അവ അറിയപ്പെടുക. പുതിയ വിമാനത്താവളങ്ങള്‍ക്ക് തൊട്ടടുത്ത നഗരത്തിന്റെ പേരിടാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ പരിഗണിച്ചുവരികയാണ്.
ചണ്ഡിഗഢിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആരുടെ പേരിടണമെന്നത് സംബന്ധിച്ച് ഹരിയാന, പഞ്ചാബ് സര്‍ക്കാറുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ നിര്‍ദേശത്തിലേക്ക് നയിച്ചത്. വിമാനത്താവളത്തിന് ആര്.എസ്.എസ് പ്രചാരക് മംഗള്‍ സെന്നിന്റെ പേരിടണമെന്ന് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ ഭഗത് സിംഗിന്റെ പേരിടണമെന്നാണ് പഞ്ചാബിലെ ബാദല്‍ സര്‍ക്കാറിന്റെ ആവശ്യം.
തങ്ങളുടെ നേതാക്കളുടെ പേര് വിമാനത്താവളങ്ങള്‍ക്ക് ഇടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം പലപ്പോഴും വിവാദത്തിലും തര്‍ക്കത്തിലുമാണ് കലാശിക്കാറ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്ന ആവശ്യം ഇതിലൊന്നാണ്. ബംഗളൂരു വിമാനത്താവളത്തിന്റെ പേരിടല്‍ പ്രശ്നവും ഈയിടെ വിവാദമായിരുന്നു.
Discussion about this post