ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു. കേസിൽ അഞ്ചാം തവണയാണ് കെജ്രിവാൾ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുന്നത്.
കേസിൽ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കെജ്രിവാളിന് ഇഡി നോട്ടീസ് നൽകിയത്. രാവിലെ 11 മണിയ്ക്ക് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ ഹാജരാകേണ്ടെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നാല് തവണയും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
തുടർച്ചയായി ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകുന്നതിനെ തുടർന്ന് ബുധനാഴ്ച ആയിരുന്നു അരവിന്ദ് കെജ്രിവാളിന് ഇഡി നോട്ടീസ് നൽകിയത്. അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിൽ ഇഡി ശക്തമായ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് സൂചന.
അതേസമയം ബിജെപി സർക്കാർ ഇഡിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് ആംആദ്മിയുടെ ആരോപണം. അടുത്ത വർഷമാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആംആദ്മി ആരോപിക്കുന്നു.








