തൃശൂർ : ചാലക്കുടിയിൽ പള്ളിപ്പെരുന്നാളിനിടയിൽ കത്തിച്ച പടക്കം വീണ് ബൈക്കിനു തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു. പരിയാരം കടുങ്ങാട് സ്വദേശി മൂലേങ്കുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്ത് എന്ന 25 വയസ്സുകാരനാണ് മരണപ്പെട്ടത്. കഴിഞ്ഞ ജനുവരി 27നായിരുന്നു അപകടം നടന്നത്.
പരിയാരം പള്ളിയിലെ അമ്പ് തിരുനാൾ ആഘോഷത്തിന് ഇടയിൽ ആയിരുന്നു വൈകിട്ട് ആറുമണിയോടെ പരിയാരത്തെ കപ്പേളക്ക് സമീപത്ത് വെച്ച് ശ്രീകാന്ത് ഇരുന്ന ബൈക്കിനടുത്ത് കത്തിച്ച പടക്കം വന്നു വീണത്. ശ്രീകാന്ത് സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന സമയത്ത് ആയിരുന്നു അപകടം ഉണ്ടായത്. പടക്കം വീണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് ഉൾപ്പെടെ തീപിടിച്ച് പൊട്ടിത്തെറിച്ചു.
സംഭവത്തിൽ ഗുരുതരമായ പൊള്ളലേറ്റ ശ്രീകാന്തിനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയായിരുന്നു ശ്രീകാന്ത് മരണത്തിന് കീഴടങ്ങിയത്.
Discussion about this post