എറണാകുളം: അഡ്വക്കേറ്റ് ബിഎ ആളൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ലൈംഗീകാതിക്രമ കേസിലെ പരാതിക്കാരി രംഗത്ത്. വസ്തുക്കേസ് വേഗത്തിലാക്കുന്നതിന് ജഡ്ജിക്കും കമ്മീഷണർക്കും നൽകാൻ ആളൂർ മൂന്ന് ലക്ഷം വാങ്ങിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ യുവതി ബാർ കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. ആളൂരിനെതിരെ ലൈംഗീകാതിക്രമ പരാതി ഉന്നയിച്ചിരിക്കുന്ന യുവതിയാണ് പുതിയ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്.
ബംഗളൂരുവിൽ സ്ഥിരതാമസക്കാരിയാണ് പരാതിക്കാരി. ഇവരുടെ വസ്തുക്കേസ് ജില്ലാ കോടതിയിലുണ്ട്. ബംഗളൂരുവിൽ നിന്ന് എപ്പോഴും കേസിന്റെ ആവശ്യത്തിന് നാട്ടിലെത്താൻ കഴിയുമായിരുന്നില്ല. അതിനാൽ തന്നെ കേസ് വേഗത്തിൽ തീർക്കാൻ ജഡ്ജിക്കും പോലീസിനും പണം നൽകിയാൽ മതിയെന്ന് ആളൂർ ധരിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇത് പറഞ്ഞ് രണ്ട് തവണയായി 3 ലക്ഷം രൂപ ആളൂർ വാങ്ങിയെന്നാണ് ഇവരുടെ പരാതി. കമ്മീഷണർക്ക് നൽകാനെന്ന പേരിൽ മാർച്ച് 18നും ജഡ്ജിക്ക് നൽകാൻ ജൂൺ 5നും ആണ് പണം നൽകിയത്. അടുത്ത ജനറൽ കൗൺസിൽ യോഗം യുവതിയുടെ പരാതി പരിശോധിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.
വസ്തു കേസുമായി ബന്ധപ്പെട്ട് നിയമസഹായം തേടി ഓഫീസിലെത്തിയപ്പോൾ മോശമായി പെരുമാറിയെന്നാണ് ആളൂരിനെതിരെ യുവതി നേരത്തെ പരാതി നൽകിയിരുന്നത്. കേസിന്റെ കാര്യം സംസാരിക്കാനായി ഓഫീസിന്റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചു വരുത്തിയ ശേഷം ആളൂർ അനുവാദമില്ലാതെ കടന്നു പിടിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് ആളൂർ ഭീമമായ തുകയാണ് ആവശ്യപ്പെട്ടത്. അത്രയും തരാനില്ലെന്ന് പറഞ്ഞപ്പോൾ പണം വേണ്ട സഹകരിച്ചാൽ മതിയെന്നുമാണ് ആളൂർ പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ആളൂരിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കെട്ടിച്ചമച്ചെതെന്ന ആളൂരിന്റെ ഹർജിയിലാണ് നടപടി.








