തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരമായുള്ള പഞ്ചായത്ത് റോഡിലൂടെ കാറില്‍ സഞ്ചരിച്ച കുടുംബത്തോട് അപമര്യാദയായി പെരുമാറിയ ചാലക്കുടി ഡിവൈഎസ്പി രവീന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. തൃശൂര്‍ റൂറല്‍ എസ്.പി കെ.കാര്‍ത്തിക്ക് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ സംഭവത്തില്‍ ഡിവൈഎസ്പിക്ക് വീഴ്ച വന്നുവെന്ന് പറയുന്നു.
ഡി.വൈ.എസ്.പി കുറ്റക്കാരനാണെന്നും ടോള്‍ കമ്പനിക്ക് അനുകൂലമായി പെരുമാറി അദ്ദേഹം പൊലിസ് സേനക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രികനോട് ഭീഷണി കലര്‍ന്ന സ്വരത്തില്‍ സംസാരിച്ചതായും ഡി.ജി.പിയുടെ സര്‍ക്കുലറിന് വില കല്പിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കുടുംബത്തെ അപമാനിക്കുക മാത്രമല്ല, അവരോട് ടോള്‍ നല്കി യാത്ര ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് തെറ്റാണെന്നും എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരനും ഒറ്റപ്പാലം സ്വദേശിയുമായ ഹരിറാമിനും കുടുംബത്തിനുമാണ് ഡിവൈഎസ്പിയില് നിന്നും മോശം അനുഭവമുണ്ടായത്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ സമാന്തരപാതയിലൂടെ കാറില്‍ സഞ്ചരിച്ച ഹരിറാമിനെയും കുടുംബത്തെയും മഫ്ടിയിലെത്തിയ ചാലക്കുടി ഡിവൈഎസ്പി തടഞ്ഞു നിര്‍ത്തുകയായിരുന്നു. പഞ്ചായത്ത് റോഡ് പ്രദേശ വാസികളുടേതാണെന്നും മറ്റുള്ളവര്‍ ടോള്‍ നല്കി യാത്രചെയ്യണമെന്നും നിര്‍ദേശിച്ചു. രേഖകള്‍ ബലമായി പിടിച്ചു വാങ്ങി ശേഷം ഓഫീസിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ ഭാര്യയോടും രണ്ടര വയസ്സുള്ള കുഞ്ഞിനോടുമൊപ്പം സമരം ചെയ്യാനായിരുന്നു ഡിവൈഎസ്പിയുടെ ഉപദേശം. ഇക്കാര്യങ്ങളടങ്ങുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ ഹരിറാം പുറത്തുവിടുകയും ചെയ്തിരുന്നു.
നാട്ടിലെത്തിയ ഹരിറാം ആഭ്യന്തര മന്ത്രിയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇ മെയില്‍ വഴി പരാതി നല്കി. പരാതിയെത്തുടര്‍ന്ന് പോലീസ് ഹരിറാമില്‍ നിന്നും മൊഴിയെടുത്തു. എന്നാല്‍, സമാന്തര പാതയിലൂടെ കടന്നുപോകുന്ന വിവരമറിഞ്ഞ് പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും ടോള്‍ കമ്പനിയെ സഹായിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് രവീന്ദ്രന്റെ വിശദീകരണം.
Discussion about this post