സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പരസ്യ ബോർഡുകളുടെ വെളിച്ച സംവിധാനത്തിന് വേണ്ടി വൈദ്യുതി മോഷ്ടിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായാണ് വിവരം.
സ്ഥലത്ത് ഒരു അനധികൃത എക്സ്റ്റൻഷൻ എടുത്തതായാണ് കണ്ടെത്തിയത്. ഹൈമാസ്റ്റിൽ നിന്നാണ് ഈ എക്സ്റ്റൻഷൻ എടുത്തിരുന്നത്. 200 വാട്ടിന്റെ രണ്ട് എക്സ്റ്റൻഷനുകളാണ് പോയിരുന്നതെന്നും വിവരങ്ങളുണ്ട്. ഇന്നലെത്തന്നെ സൈറ്റ് മഹസർ തയ്യാറാക്കിയതായി ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് കോർപ്പറേഷന് ഡിമാൻഡ് കൊടുക്കുകയും ചെയ്തു. അനധികൃത എക്സ്റ്റൻഷൻ വിച്ഛദിച്ചിട്ടുണ്ട്. കോർപ്പറേഷൻ സെക്രട്ടറിക്കാണ് ഡിമാൻഡ് നോട്ടീസ് കൊടുത്തിരിക്കുന്നത്. പിഴത്തുക അവർ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ വൈദ്യുതി മോഷണ ആരോപണം നിഷേധിച്ചു. സംസ്ഥാന സമ്മേളനത്തിനു വേണ്ടി ഓരോ പ്രദേശത്തും അനുമതി വാങ്ങിയാണ് കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മൈക്ക് സെറ്റിന്റെ ആളുകളാരെങ്കിലും ചെയ്തിട്ടുണ്ടോ എന്നത് അന്വേഷിക്കും. പാർട്ടി അറിഞ്ഞ് അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post