ബംഗളൂരു: കർണാടകയിൽ നദിയിൽ നിന്നും പുരാതന വിഗ്രഹങ്ങൾ കണ്ടെടുത്തു. റായ്ച്ചൂർ ജില്ലയിലെ ദേവസുഗൂർ ഗ്രാമത്തിനടുത്തുള്ള നദിയിൽ നിന്നും വിഷ്ണു വിഗ്രഹവും ശിവലിംഗവുമാണ് കണ്ടെത്തിയത്. ഇവ പുരാവസ്തു വകുപ്പ് അധികൃതർ പരിശോധിച്ചുവരികയാണ്.
നിലവിൽ നദിയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനിടെയാണ് വിഗ്രഹവും ശിവ ലിംഗവും തൊഴിലാളികൾ കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഇരു വിഗ്രഹങ്ങൾക്കും നൂറ്റാണ്ടുകൾ പഴക്കമുണ്ട്.
വിഷ്ണുവിന്റെ ദശാവതാര വിഗ്രഹമാണ് കണ്ടെടുത്തത്. ഇതിന് അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംലല്ലയുമായി സാമ്യം ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കരിങ്കല്ലിലാണ് വിഗ്രഹം തീർത്തിരിക്കുന്നത്. പീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന വിഷ്ണു ശിൽപ്പത്തിന് ചുറ്റും മത്സ്യം, കർമ്മം, വരാഹ, നരസിംഹം, വാമനൻ, രാമൻ, കൃഷ്ണൻ, ബുദ്ധൻ, കൽക്കി എന്നിവയുൾപ്പെടെ പത്ത് അവതാരങ്ങളുടെ ചിത്രം കൊത്തിവച്ചിട്ടുണ്ട്. ആഗമങ്ങളിൽ പറഞ്ഞിരിക്കുന്ന ഭാവത്തിലാണ് വിഗ്രഹം എന്ന് ആൻഷ്യന്റ് ഹിസ്റ്ററി ആൻഡ് ആർക്കിയോളജി വിഭാഗം അദ്ധ്യാപിക ഡോ. പത്മജ ദേശായി പറഞ്ഞു.
അതേസമയം വിഗ്രഹങ്ങൾ എങ്ങനെ നദിയിൽ എത്തി എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വിഗ്രഹം ആരെങ്കിലും മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചതാകാൻ സാദ്ധ്യതയുണ്ട്. ചൈതന്യം പോയതിനെ തുടർന്ന് പുഴയിൽ ഉപേക്ഷിച്ച ഏതെങ്കിലും ക്ഷേത്രത്തിലെ വിഗ്രഹം ആകാമെന്നും നിഗമനമുണ്ട്.









