അഹമ്മദാബാദ്: വിദ്വേഷ പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായ മൗലാന മുഫ്തി അസാരിയ്ക്ക് കുരുക്ക് മുറുകുന്നു. സംഭവത്തിൽ മൗലാനയ്‌ക്കെതിരെ സംസ്ഥാനത്തെ കൂടുതൽ പോലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. വിദ്വേഷ പ്രസംഗത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി.
മൊദാസ , ആരവല്ലി എന്നീ സ്‌റ്റേഷനുകളിലാണ് കേസുകൾ. സംഭവത്തിൽ സമൂഹങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇതിന് പുറമേ പരിപാടിയുടെ സംഘാടകൻ ആയ ഇഷാഖ് ഖോരിയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അതേസമയം വിദ്വേഷ പ്രസംഗത്തിൽ സംഗിയാലി പോലീസ് അറസ്റ്റ് ചെയ്ത അസാരി റിമാൻഡിലാണ്. ഈ കേസിൽ ജാമ്യം ലഭിച്ച ശേഷമായിരിക്കും മറ്റ് കേസുകളിൽ നടപടി സ്വീകരിക്കുക.
കഴിഞ്ഞ മാസം 31ന് ജുനഗഡിൽ സംഘടിപ്പിച്ച മതപരിപാടിയിൽ ആയിരുന്നു അസാരിയുടെ വിദ്വേഷ പ്രസംഗം. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ആയിരുന്നു വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. ഹിന്ദുക്കൾക്കെതിരെ യുദ്ധം ചെയ്യാൻ തയ്യാറായിരിക്കാനായിരുന്നു അസാരി പറഞ്ഞത്.
Discussion about this post