ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആഗോള ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചിലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ട്രെയിനുകൾക്കായി ആവശ്യം അറിയിച്ചതായാണ് വിവരം.
പൊതുമേഖലയുടെയോ സ്വകാര്യ മേഖലയുടെയോ പങ്കാളിത്തമില്ലാതെ ട്രെയിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾ സ്വന്തം വർക്ക് ഷോപ്പുകളിൽ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവെ. സ്വന്തമായി ട്രെയിനുകൾ നിർമ്മിക്കാൻ നിരവധി വെല്ലുവിളികൾ ഉണ്ടെങ്കിലും റെയിൽവേയിലെ എഞ്ചിനീയർമാർ കഴിവിന്റെ പരമാവധി അതിനായി ശ്രമിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 475 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള പാതയിലാണ് റെയിൽവേ, ഉൽപ്പന്നത്തെക്കുറിച്ച് ആഗോള വിപണികളിൽ ആത്മവിശ്വാസം ഉണ്ടാകും. വന്ദേ ഭാരത് ട്രെയിനുകൾ എല്ലാ അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം ആഗോള സ്ഥാപനങ്ങളുമായി ചേർന്ന് 2025-26 ഓടെ ഇന്ത്യയിൽ വളഞ്ഞ ട്രാക്കുകളിൽ വേഗത കുറയ്ക്കാതെ ഓടാൻ കഴിയുന്ന ‘ടിൽറ്റിങ് ട്രെയിനുകൾ’ വികസിപ്പിക്കാൻ തയാറെടുക്കുകയാണ് റെയിൽവേ.











