എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശി സിദ്ദിഖിനെ അറസ്റ്റ് ചെയ്തു.
രാവിലെയോടെയായിരുന്നു സംഭവം. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ആണ് സിദ്ദിഖിന്റെ പക്കൽ നിന്നും സ്വർണം പിടികൂടിയത്. ജിദ്ദയിൽ നിന്നും എത്തിയതായിരുന്നു ഇയാൾ. സുരക്ഷാ പരിശോധനയ്ക്കിടെ ഇയാൾ പരുങ്ങുന്നത് കണ്ട് കസ്റ്റംസ് വിശദമായ പരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും സ്വർണാഭരണങ്ങളും സ്വർണ കട്ടിയും കണ്ടെടുത്തു. തുടർന്ന് ദേഹപരിശോധന നടത്തി. ഇതിൽ ഇയാളുടെ മലദ്വാരത്തിൽ നിന്നും ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണവും പിടിച്ചടുത്തു. മൊത്തം 796 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടിച്ചെടുത്തത് എന്ന് കസ്റ്റംസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post