തിരുവനന്തപുരം/ അബുദാബി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അബുദാബിയിൽ. അഹ്‌ലൻ മോദി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ എത്തിയ ഇന്ത്യക്കാരുടെ കൂട്ടത്തിൽ അദ്ദേഹവും ഇടം നേടി. പരിപാടിയിൽ പങ്കെടുത്ത വിവരം സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ഇന്നലെ വൈകീട്ട് സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു അഹ്‌ലൻ മോദി പരിപാടി. ഇതിൽ പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ആയിരുന്നു പങ്കെടുത്തത്. ഇവർക്കൊപ്പമായിരുന്നു സുരേഷ് ഗോപിയും സ്ഥാനം ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് സൂചന. ചിത്രങ്ങൾ സഹിതമാണ് അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുത്ത വിവരം സുരേഷ് ഗോപി പങ്കുവച്ചത്.
ക്ഷണം ലഭിച്ചെങ്കിലും അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ കുറവ് നികത്തുന്നതിന് വേണ്ടിയാണ് സുരേഷ് ഗോപി അബുദാബിയിൽ എത്തിയിരിക്കുന്നത് എന്നാണ് സൂചന. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഏതാനും ദിവസങ്ങൾ മുൻപായിരുന്നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. ഇതിന്റെ ഭാഗമായുള്ള തിരക്കുകളെ തുടർന്ന് അദ്ദേഹം ചടങ്ങിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇത് മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു.
Discussion about this post