ന്യൂഡെൽഹി: പ്രതിരോധ ഉൽപ്പാദന മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സ്വാശ്രയ മുന്നേറ്റത്തിന് കൂടുതൽ ആക്കം കൂട്ടിക്കൊണ്ട്, സൈന്യത്തിൻ്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുന്നതിനായി 84,560 കോടി രൂപയുടെ നിരവധി സുപ്രധാന നിർദ്ദേശങ്ങൾക്ക് ഇന്ത്യൻ പ്രതിരോധ വകുപ്പ് വെള്ളിയാഴ്ച അംഗീകാരം നൽകി.സൈനിക സംവിധാനങ്ങൾക്കായുള്ള പ്രതിരോധ ഓർഡറുകൾ മേടിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള നിർമാതാക്കൾക്ക് കൂടുതൽ ഊന്നൽ നൽകണം എന്ന നിർദ്ദേശം ആത്മ നിർഭര ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണ് എന്നത് രാജ്യത്തിന് ഇരട്ടി മധുരമായി
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) നിർണ്ണായകമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള അവശ്യ തീരുമാനങ്ങൾ അംഗീകരിച്ചത്.കര, വായു നാവിക സേന തുടങ്ങിയ മൂന്ന് സൈന്യത്തിനും കോസ്റ്റ് ഗാർഡിനും അവരുടെ വിശാലമായ ഡൊമെയ്‌നുകളിലെ വെല്ലുവിളികൾ നേരിടാൻ സഹായകരമാകുന്ന നിരവധി സജ്ജീകരണങ്ങളാണ് ഇതിലൂടെ ഒരുങ്ങുക.
ഇതിൽ വായുവിൽ നിന്ന് തന്നെ ഇന്ധനം നിറക്കുന്നതിനുള്ള കൂടുതൽ വിമാനങ്ങൾ , മീഡിയം റേഞ്ച് നാവിക നിരീക്ഷണ സംവിധാനം , മൾട്ടി-മിഷൻ എയർക്രാഫ്റ്റുകൾ, ഹെവി വെയ്റ്റ്-ടോർപ്പിഡോകൾ, ന്യൂ ജനറേഷൻ ആൻ്റി ടാങ്ക് മൈനുകൾ എന്നിവ വാങ്ങുന്നത് ഉൾപ്പെടുന്നു.








