ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ സൈന്യവും കേന്ദ്ര ഭരണപ്രദേശത്തെ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് വെടിവയ്പുണ്ടായത്. അമർനാഥ് യാത്രയോടനുബന്ധിച്ച് പ്രവിശ്യയിലുടനീളം കനത്ത ജാഗ്രതയും സുരക്ഷാ പരിശോധനകളും തുടരുന്നതിനിടയിലാണ് ഷോപ്പിയാനിലെ ചാൻപോര, സെയ്ദ്പോര, അംഷിപോര തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ സേന വിപുലമായ തിരച്ചിൽ ആരംഭിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളയുകയും സംശയാസ്പദമായ കേന്ദ്രങ്ങളിലേക്ക് നീങ്ങുകയും ചെയ്തതോടെ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് പ്രദേശം യുദ്ധസമാനമായ ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്. മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന വിലയിരുത്തലിൽ സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. അക്രമികൾ ഒളിച്ചിരിക്കുന്ന ഭാഗങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം പൂർണ്ണമായും അടയ്ക്കുകയും പ്രദേശം കനത്ത സുരക്ഷാ വലയത്തിലാക്കുകയും ചെയ്തിരിക്കുകയാണ്.
കൂടുതൽ ഭീകരർ പ്രദേശത്ത് തമ്പടിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്തേക്ക് അധിക സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും ഏറ്റുമുട്ടൽ തുടരുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനും അമർനാഥ് തീർത്ഥാടനത്തിന് തടസ്സം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഭീകരരുടെ ശ്രമങ്ങളെ ചെറുക്കാൻ അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയതായും തിരച്ചിൽ ഊർജ്ജിതമാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.












