തിരുവനന്തപുരം: കേരളത്തിൽ താപനില ക്രമാതീതമായി ഉയരുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ് സാദ്ധ്യത. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാനാണ് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ക്രമാധീതമായി ചൂട് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. നിർജലീകരണം പോലെയുള്ള വിഷമതകൾ ഉണ്ടാകാതിരിക്കാൻ പരമാവധി വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളിൽ പറയുന്നു. അന്തരീക്ഷതാപം ഒരു പരിധി ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇതാണ് സൂര്യാഘാതമായി മാറുന്നത്. ഇത് ഒഴിവാക്കാനായി അധിക നേരം സൂര്യനിൽ നിന്നും നേരിട്ട് വെയിൽ കൊള്ളുന്ന ജോലിയിൽ ഏർപ്പെടുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ജോലി സമയം ഉച്ച നേരം ഒഴിവാക്കിക്കൊണ്ട് നിജപ്പെടുത്തുകയും ശരീരം മുഴുവനായി മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചൂട് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളിൽ പറയുന്നു.
Discussion about this post