ദക്ഷിണേന്ത്യയിലെ ഏറ്റവും വിസ്മയകരമായ നിർമ്മിതികൾ ഏതാണെന്നുള്ള ചോദ്യത്തിന് ഒരു ഒറ്റ ഉത്തരമേയുള്ളൂ, മഹത്തായ ചോള ക്ഷേത്രങ്ങൾ. ചോള വാസ്തുവിദ്യയുടെ മഹനീയ ഉദാഹരണങ്ങളായ ചോളക്ഷേത്രങ്ങൾ ദക്ഷിണേന്ത്യയുടെ പൈതൃകത്തെയും സംസ്കാരത്തെയും വിളിച്ചോതുന്നവയാണ്. ഈ ചോളക്ഷേത്രങ്ങളിൽ ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ് തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രം. രാജരാജ ചോളൻ നിർമ്മിച്ച ബൃഹദീശ്വര ക്ഷേത്രം ഇന്ത്യൻ ആർക്കിടെക്ചറിലെ തന്നെ ഒരു വിസ്മയമായാണ് കണക്കാക്കപ്പെടുന്നത്.
വാസ്തുവിദ്യ രംഗത്ത് ഏറെ ശ്രേഷ്ഠമായ നിർമിതികൾ പലതും നിർമ്മിച്ചിട്ടുള്ളവയാണ് ചോള രാജാക്കന്മാർ. ആയിരത്തിലേറെ വർഷങ്ങൾക്കു മുൻപ് രാജരാജ ചോളൻ തലസ്ഥാനമായിരുന്ന തഞ്ചാവൂരിൽ കാവേരി നദിക്കരയിൽ ആയി പണികഴിപ്പിച്ച ബൃഹദീശ്വര ക്ഷേത്രവും അത്തരത്തിൽ ഒരു ശ്രേഷ്ഠനിർമ്മിതിയാണ്. ഏറെ സമ്പന്നമായിരുന്ന ചോളസാമ്രാജ്യ കാലത്തെ എല്ലാ സമൃദ്ധിയും ഒറ്റനോട്ടത്തിൽതന്നെ വിളംബരം ചെയ്യുന്ന രൂപഘടന കൊണ്ട് ഇന്നും തഞ്ചാവൂരിന്റെ ഏതു ഭാഗത്തു നിന്നും ആകർഷകമായ രീതിയിൽ ഈ ക്ഷേത്രം കാണാൻ കഴിയുന്നതാണ്.
AD1003 നും 1010 നും ഇടയിലാണ് ചോള രാജവംശത്തിന്റെ ചക്രവർത്തിയായ രാജരാജചോളൻ ഒന്നാമൻ
കാവേരി നദിയുടെ തെക്കേ കരയിൽ ഈ മഹത്തായ ക്ഷേത്രം നിർമ്മിക്കുന്നത്. ദ്രാവിഡ ശൈലിയിലാണ് ബൃഹദീശ്വര ക്ഷേത്രത്തിന്റെ ഓരോ ഭാഗവും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. രാജരാജേശ്വര ക്ഷേത്രമെന്നും തഞ്ചൈ പെരിയ കോവിൽ എന്നും ഈ ക്ഷേത്രം മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്ന് കൂടിയായ ബൃഹദീശ്വരക്ഷേത്രം തമിഴ്നാട്ടിൽ ഏറ്റവും അധികം സഞ്ചാരികൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ്.
കുഞ്ചര മല്ലൻ രാജ രാമ പെരുന്തച്ചന്റെ നേതൃത്വത്തിലാണ് ബൃഹദീശ്വരക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നാണ് ചരിത്രം. പന്ത്രണ്ട് വർഷത്തോളം എടുത്താണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 790 അടി നീളവും 400 അടി വീതിയുമുള്ള ഈ ക്ഷേത്രം ചതുരാകൃതിയിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ബൃഹദീശ്വര ക്ഷേത്ര സമുച്ചയത്തിൽ അഞ്ച് പ്രധാന ഘടനകൾ ആണ് ഉള്ളത്. ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിലായ ഗർഭഗൃഹം , ക്ഷേത്രത്തിന്റെ മുൻവശത്ത് ഉള്ള നന്തി മണ്ഡപം , ഗർഭഗൃഹത്തിനും നന്ദി മണ്ഡപത്തിനും നടുവിൽ ആയുള്ള മുഖമണ്ഡപം , മഹാസദസ്സ് ആയി അറിയപ്പെടുന്ന മഹാമണ്ഡപം , ശ്രീകോവിലിനെയും മഹാ മണ്ഡപത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പവലിയൻ ആയ അന്തരാള എന്നിവയാണ് ഇവ. നന്തി മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള ഒറ്റക്കല്ലിൽ തീർത്ത നന്തിയുടെ ശില്പത്തിന് 25 ടൺ ഭാരമാണ് ഉള്ളത്. ചരിത്രപരമായും സാംസ്കാരികപരമായും ഉള്ള പ്രാധാന്യം കണക്കിലെടുത്ത് നിലവിൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഒന്നു കൂടിയാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം.
Discussion about this post