തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആയ ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കൂടാതെ കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ജോർട്ടി എം ചാക്കോയെ നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
വിവിധ മേഖലകളുമായി ബന്ധപ്പെട്ട മറ്റു ചില സുപ്രധാന തീരുമാനങ്ങളും ഇന്ന് ചേർന്ന് മന്ത്രിസഭായോഗത്തിൽ എടുത്തിട്ടുണ്ട്. കേരള സ്റ്റേറ്റ് ഐടി മിഷനിൽ ഹെഡ് ഇന്നവേഷൻ ആൻഡ് റിസർച്ച് തസ്തികയിലേക്ക് എസ് സനോപ് കെ സിനെ ഒരു വർഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാന പോലീസ് വകുപ്പിൽ 190 പോലീസ് കോൺസ്റ്റബിൾ, ഡ്രൈവർ തസ്തികകൾ അധികമായി സൃഷ്ടിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ വീടും കാലിത്തൊഴുത്തും തകർന്ന ഇടുക്കി മേലെചിന്നാർ സ്വദേശിയായ ജിജി ടിക്ക് പത്തുലക്ഷം രൂപയുടെ ധനസഹായവും അനുവദിച്ചു. ശുദ്ധമായ പാലുൽപാദനത്തിനും ശുചിത്വ കിറ്റ് വിതരണത്തിനുമായി 4.28 കോടി രൂപയും മന്ത്രിസഭായോഗം അനുവദിച്ചിട്ടുണ്ട്. മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്കുള്ള നിയമനത്തിൽ വിമുക്തഭടന്മാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 1991ലെ കേരള ജുഡീഷ്യൽ സർവീസ് റൂൾ ഭേദഗതി ചെയ്തു കൊണ്ടാണ് ഇക്കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുള്ളത്.








