കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലുള്ളത് സിപിഎം മുൻ പ്രവർത്തകനെന്ന് സൂചന. പെരുവട്ടൂര്‍ പുറത്തോന അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അഭിലാഷ് സിപിഎം ബ്രാഞ്ച് കമ്മിറ്റി മുൻ അംഗമായിരുന്നു. ഇയാൾ പോലീസിന് മുന്നിൽ സ്വയം കീഴടങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്.
അഭിലാഷിന് സത്യനാഥനുമായി ശത്രുതയുണ്ടായിരുന്നതായും, വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നുമാണ് പ്രദേശിക സംസാരം. അഭിലാഷ് കൊയിലാണ്ടി നഗരസഭയിലെ മുൻ ഡ്രൈവറാണ്. അതേ സമയം ആക്രമണ സമയത്ത് അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആണ് കൊല്ലപ്പെട്ട പി വി സത്യനാഥൻ. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശരീരത്തിൽ മഴുകൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മഴുകൊണ്ട് കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് വിവരം. നാലിലേറെ വെട്ടേറ്റിട്ടുണ്ട്. കാര്യമായ തർക്കമോ പ്രശ്നങ്ങളോ നിലനിൽക്കുന്ന പ്രദേശമല്ല. നിലവില്‍ സ്ഥലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നുമില്ല. അതേ സമയം കൊയിലാണ്ടിയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post