മലപ്പുറം: എടവണ്ണപ്പാറ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ മൃതദേഹം ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതി സിദ്ദിഖ് അലിയ്‌ക്കെതിരെ അന്വേഷണം ശക്തമാക്കി പോലീസ്. ഇയാളുടെ പീഡനത്തിന് കൂടുതൽ വിദ്യാർത്ഥികൾ ഇരയായിട്ടുണ്ടോയെന്നകാര്യത്തിൽ വിശദമായ അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഇയാളുടെ പക്കൽ കരാട്ടെ പഠിക്കാൻ എത്തിയ വിദ്യാർത്ഥികളുടെ മൊഴിയെടുക്കും.
അദ്ധ്യാപകന്റെ പീഡനത്തെക്കുറിച്ച് മരിച്ച 17 കാരി പറഞ്ഞതായി സഹോദരി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ മറ്റൊരു പെൺകുട്ടി കൂടി പീഡനാരോപണം ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇയാൾ പോക്‌സോ കേസിൽ അറസ്റ്റിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ സിദ്ദിഖ് അലി കൂടുതൽ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതോടെയാണ് കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്. കൂടുതൽ കുറ്റങ്ങൾ തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. മൊഴിയെടുക്കുന്നതിന് മുൻപായി കുട്ടികളെ അന്വേഷണ സംഘം കൗൺസിലിംഗിന് വിധേയരാക്കും.
അതേസമയം പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന സൂചനയാണ് പോലീസ് നൽകുന്നത്. ആത്മഹത്യ സൂചനയുള്ള സന്ദേശം പെൺകുട്ടി സഹോദരിയ്ക്ക് അയച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 17 കാരിയുടെ മരണത്തിന് മുൻപ് പ്രദേശത്ത് രണ്ട് യുവാക്കൾ എത്തിയതായി സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ റിമാൻഡിലാണ് സിദ്ദിഖ് അലി.
Discussion about this post