ചെന്നൈ : തമിഴ്നാട്ടിലെ കോൺഗ്രസ് എംഎൽഎ എസ് വിജയധരണി ബിജെപിയിൽ ചേർന്നു. കന്യാകുമാരിക്ക് സമീപമുള്ള വിളവൻകോട് എംഎൽഎയാണ് വിജയധരണി. മൂന്നുതവണ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിജയധരണി കോൺഗ്രസ് നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ച ശേഷമാണ് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്.
കേന്ദ്രമന്ത്രി എൽ മുരുകൻ്റെയും തമിഴ്‌നാടിൻ്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പാർട്ടി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ്റെയും സാന്നിദ്ധ്യത്തിൽ ഡൽഹിയിൽ വച്ചാണ് വിജയധരണി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലയുടെയും പ്രവർത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത് എന്ന് വിജയധരണി വ്യക്തമാക്കി.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ കാലത്ത് രാജ്യത്ത് സംഭവിക്കുന്നത് എല്ലാം മഹത്തായ കാര്യങ്ങളാണെന്ന് വിജയധരണി അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും ഉത്തമമായ മാതൃക കാണിക്കുന്ന ബിജെപി സർക്കാർ സ്ത്രീകൾക്ക് വലിയ പ്രാധാന്യം നൽകുന്നതായും അവർ വ്യക്തമാക്കി. കേന്ദ്രസർക്കാരിൻ്റെ വിവിധ പദ്ധതികളെ അഭിനന്ദിച്ച വിജയധരണി, ഡിഎംകെ-കോൺഗ്രസ് സഖ്യം ഭരിക്കുന്ന തമിഴ്‌നാട്ടിൽ പല കേന്ദ്രസർക്കാർ പദ്ധതികളും നടപ്പാക്കുന്നില്ലെന്നും വിമർശിച്ചു.
Discussion about this post