കോഴിക്കോട്: കിണറ്റിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. പുല്ലങ്കോടുള്ള മുക്കം ഓമശേരിയിലെ ഫാംഹൗസിലാണ് സംഭവം . മലപ്പുറം സ്രാമ്പിക്കൽ പരപ്പൻവീട്ടിൽ റിഷാദിന്റെ മകൻ മുഹമ്മദ് ഐജിനാണ് മരിച്ചത്. കളിക്കുന്നതിനിടെയാണ് കുട്ടി കിണറ്റിൽ വീണത്.
മാതാപിതാക്കൾക്കൊപ്പം കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിൻ . കളിക്കുന്നതിനിടെ ഫാംഹൗസിനോടു ചേർന്നുള്ള കിണറ്റിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയെ കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കുട്ടി കിണറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്ന് പോലീസ് പറഞ്ഞു.









