തിരുവനന്തപുരം: മുന്‍ മന്ത്രി കെ എം മാണി കോഴപ്പണം വാങ്ങിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശേരി തന്നെ ശരിവച്ചിട്ടുണ്ടെന്ന ആരോപണവുമായി ബാറുടമ ബിജുരമേശ് രംഗത്ത്. പത്തനംതിട്ടയിലെ ഒരു ബാറുടമയുമായി ജോസഫ് എം പുതുശേരി സംസാരിക്കുന്ന ശബ്ദരേഖ ബിജു രമേശ് പുറത്ത് വിട്ടു.
കെ എം മാണിക്കെതിരെ കോഴ ആരോപണം ഉയര്‍ന്ന ശേഷമാണ് പണമിടപാടിനെക്കുറിച്ച് ബാറുടമ ജോസഫ് എം പുതുശേരിയോട് സംസാരിച്ചതെന്നാണ് ബിജു രമേശിന്റെ അവകാശവാദം. പത്തനംതിട്ടയിലെ വീട്ടില്‍ ജോസഫ് എം പുതുശേരിയെ കാണാനെത്തിയ മാത്യു എന്ന ബാറുടമയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ബിജുരമേശ് പുറത്ത് വിട്ടത്. ബാറുകള്‍ അടച്ചുപൂട്ടിയതിനെക്കുറിച്ചും മാര്‍ച്ച് 31ന് മുമ്പ് 5 കോടി കൊടുക്കാന്‍ വൈകിയതാണ് പ്രശ്‌നമായതെന്നും സംഭാഷണത്തില്‍ ബാറുടമ പറയുന്നു.
ഇക്കാര്യങ്ങളെല്ലാം താനും കേട്ടിട്ടുള്ളതാണെന്ന് പറയുന്ന പുതുശേരി, ബാറുടമയുടെ വാക്കുകളൊന്നും നിഷേധിക്കുന്നില്ല. ബാര്‍ലൈസന്‍സ് പുതുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് മന്ത്രിസഭാ യോഗത്തില്‍ കെ എം മാണിയും മന്ത്രി കെ ബാബുവും തമ്മില്‍ നടന്ന തര്‍ക്കത്തെക്കുറിച്ചും ശബ്ദരേഖയില്‍ പരാമര്‍ശമുണ്ട്.എന്നാല്‍ ആരോപണങ്ങള്‍ പുതുശേരി നിഷേധിച്ചു.
മാണി കോഴ ആവശ്യപ്പെട്ടതായോ വാങ്ങിച്ചതായോ താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ജോസഫ് എം പുതിശേരി വ്യക്തമാക്കി. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണ് സംഭാഷണമെന്നും ബാറുകളെല്ലാം പൂട്ടിയ സമയത്ത് പല ബാറുടമകളും താനുമായി സംസാരിച്ചിട്ടുണ്ടെന്നും പുതുശേരി വിശദീകകരിച്ചു.
Discussion about this post